മരിയ ഷറപോവയ്ക്കെതിരെ ഹരിയാനയില്‍ വഞ്ചനാകേസ്

ഡല്‍ഹി സ്വദേശിയായ യുവതി നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്.

Update: 2022-03-17 02:58 GMT
Advertising

റഷ്യൻ മുന്‍ ടെന്നീസ് താരം മരിയ ഷറപോവയ്ക്കും കാര്‍ റേസിങ് താരം മൈക്കൽ ഷൂമാക്കറിനുമെതിരെ ഹരിയാനയിലെ ഗുഡ്ഗാവില്‍ കേസ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഡല്‍ഹി സ്വദേശിയായ യുവതി നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്.

ഡല്‍ഹിയിലെ ഛത്തർപൂർ മിനി ഫാമിൽ താമസിക്കുന്ന ഷെഫാലി അഗർവാൾ എന്ന യുവതിയാണ് പരാതി നല്‍കിയത്. ഷറപോവയുടെ പേരിലുള്ള ഒരു പ്രൊജക്റ്റിൽ താൻ അപാർട്ട്മെന്‍റ് ബുക്ക് ചെയ്തിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പദ്ധതിയിലെ ഒരു ടവറിന് ഷൂമാക്കറുടെ പേരാണ് നൽകിയിരുന്നത്. ഗുഡ്ഗാവിലെ സെക്ടർ 73ലായിരുന്നു ഈ പ്രൊജക്റ്റ്. 2016ഓടെ അപാര്‍ട്മെന്‍റ് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയായില്ല. അന്താരാഷ്ട്ര തലത്തിലെ സെലിബ്രിറ്റികൾ പ്രമോഷനിലൂടെയും മറ്റും തട്ടിപ്പിന്റെ ഭാഗമായെന്ന് യുവതി പരാതിയില്‍ പറയുന്നു.

റിയൽടെക് ഡെവലപ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മരിയ ഷറപോവ, ഷൂമാക്കര്‍ തുടങ്ങിയവര്‍ക്കെതിരെ ഷെഫാലി ഗുരുഗ്രാമം കോടതിയിൽ പരാതി നൽകിയിരുന്നു. അപാര്‍ട്മെന്‍റ് ബുക്ക് ചെയ്തിട്ട് നല്‍കാതെ തന്‍റെ 80 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. 

പരസ്യങ്ങളിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. പ്രോജക്റ്റിന്‍റെ ചിത്രങ്ങളും വ്യാജ വാഗ്ദാനങ്ങളുമാണ് ഡവലപ്പര്‍മാര്‍ നല്‍കിയതെന്ന് യുവതി ആരോപിച്ചു. മരിയ ഷറപോവ സ്ഥലം സന്ദർശിച്ച് ടെന്നീസ് അക്കാദമിയും സ്‌പോർട്‌സ് സ്റ്റോറും തുടങ്ങുമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും ഷെഫാലി പറഞ്ഞു- "ഷറപോവ ഈ പദ്ധതിയെ പ്രമോട്ട് ചെയ്യുന്നതായി ബ്രോഷറില്‍ പറഞ്ഞിരുന്നു. ഷറപോവ വ്യാജ വാഗ്ദാനങ്ങള്‍ നൽകുകയും അപാര്‍ട്മെന്‍റുകള്‍ ബുക്ക് ചെയ്തവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ ആ പ്രൊജക്റ്റ് പൂര്‍ത്തിയായില്ല".

ബാദ്ഷാപൂർ പൊലീസ് സ്റ്റേഷനിൽ ഐപിസി 120-ബി (ക്രിമിനൽ ഗൂഢാലോചന), 406 (ക്രിമിനൽ വിശ്വാസ വഞ്ചന), 420 (വഞ്ചന) എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. "കോടതി ഉത്തരവനുസരിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്"- എസ്എച്ച്ഒ ഇൻസ്പെക്ടർ ദിനകർ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News