സ്ത്രീകളുടെ പേരിൽ അക്കൗണ്ടുണ്ടാക്കി പൊലീസിനോട് ചാറ്റിങ്; ഇഷ്ടവിഷയം സണ്ണി ലിയോണും അശ്ലീലചിത്രങ്ങളും- 'ബുള്ളി ബായ്' സൂത്രധാരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

പോൺസൈറ്റുകളുടെ അടിമയായ ബിഷ്‌ണോയിക്ക് മുതിർന്ന മുസ്‌ലിം സ്ത്രീകളോട് പ്രത്യേക താൽപര്യമുള്ളതായും വെളിപ്പെടുത്തലുണ്ടായിരുന്നു

Update: 2022-01-09 11:14 GMT
Editor : Shaheer | By : Web Desk
Advertising

മുസ്‍ലിം സ്ത്രീകളെ വിൽപനയ്ക്ക് വച്ച് വിദ്വേഷം പ്രചരിപ്പിച്ച ബുള്ളി ബായ് ആപ്പിനു പിന്നിലെ മുഖ്യ ബുദ്ധികേന്ദ്രമായ നീരജ് ബിഷ്‌ണോയിയെക്കുറിച്ച് കൗതുകകരമായ വിവരങ്ങളാണ് പുറത്തുവരുന്നത്. അസമിൽനിന്നുള്ള 21കാരനായ ഈ എൻജിനീയറിങ് വിദ്യാർത്ഥി 15-ാം വയസിൽ തന്നെ ഹാക്കിങ് പഠിക്കുകയും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തിരുന്നുവെന്നാണ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ സ്ഥാപനങ്ങൾക്കു പുറമെ പാകിസ്താനിൽനിന്നുള്ള കമ്പനികളുടെ വെബ്‌സൈറ്റുകൾ വരെ ഇയാൾ ഹാക്ക് ചെയ്തിരുന്നുവത്രെ. പോൺസൈറ്റുകളുടെ അടിമയായ ബിഷ്‌ണോയിക്ക് മുതിർന്ന മുസ്‌ലിം സ്ത്രീകളോട് പ്രത്യേക താൽപര്യമുള്ളതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു.

ചെറിയ പ്രായംതൊട്ടേ എപ്പോഴും കംപ്യൂട്ടറിൽ കുത്തിയിരിക്കുകയാണ് മകന്റെ ശീലമെന്നാണ് ഇയാളുടെ അച്ഛൻ പൊലീസിനോട് പറഞ്ഞത്. പലപ്പോഴും സ്‌കൂളിൽ വച്ച് ലാപ്‌ടോപ് പിടിച്ചതിന്റെ പേരിൽ പ്രിൻസിപ്പൽ വിളിപ്പിച്ചിട്ടുണ്ട്. മകൻ കംപ്യൂട്ടറിൽ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ലെന്നും അച്ഛൻ പറയുന്നു.

അഞ്ച് ട്വിറ്റർ ഹാൻഡിലുകൾ; മാധ്യമപ്രവർത്തകയായി അന്വേഷണ ഉദ്യോഗസ്ഥനുമുൻപിൽ

ഇതാദ്യമായല്ല നീരജ് ബിഷ്‌ണോയി ഇത്തരം ക്രിമിനൽ പ്രവൃത്തികളുടെ ഭാഗമാകുന്നത്. മാസങ്ങൾക്കുമുൻപ് രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സുള്ളി ഡീൽസിനു പിന്നിലും ഇയാൾ സജീവമായിരുന്നു. നിരവധി വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുമുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സ്വന്തമായി അഞ്ച് ട്വിറ്റൻ ഹാൻഡിലുകളുണ്ട് നീരജിന്. @giyu2002, @giyu007, @giyuu84, @giyu94 and @giyu44 എന്നിങ്ങനെയാണ് ഓരോ അക്കൗണ്ടുകൾ. ഇതിൽ ചില അക്കൗണ്ടുകൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസും നിലനിൽക്കുന്നുണ്ട്. ഇതിൽ @giyu44 അല്ലാത്ത എല്ലാ ഹാൻഡിലുകളും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ബുള്ളി ബായ് ആപ്പിനെക്കുറിച്ച് വാർത്തകൾ വന്നതിനുപിറകെ തുടങ്ങിയതാണ് @giyu44 അക്കൗണ്ടെന്നാണ് വ്യക്തമാകുന്നത്. ഈ അക്കൗണ്ടിൽ ബുള്ളി ബായ് നിർമാതാവ് താനാണെന്നും പൊലീസ് അറസ്റ്റ് ചെയ്തതൊക്കെ തെറ്റായ ആളുകളെയാണെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. സുള്ളി ഡീൽസിനെയും ബുള്ളി ബായിയെയും കുറിച്ചുള്ള കുറിപ്പുകളാണ് അക്കൗണ്ടിൽ നിറയെ. മുസ്്‌ലിം വിദ്വേഷ പ്രചാരണവുമുണ്ട്.

സുള്ളി ഡീൽസിനെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ ട്വിറ്ററിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അന്വേഷണസംഘത്തെ ഇയാൾ സമീപിച്ചിരുന്നു. മാധ്യമപ്രവർത്തകയാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ അന്വേഷണ ഉദ്യോസ്ഥനുമായി ചാറ്റ് ചെയ്തിരുന്നത്. വ്യാജവിവരങ്ങൾ നിർമിച്ച് അന്വേഷണം വഴിതിരിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പൊലീസ് പറയുന്നത്.


ഇത്തവണയും ബുള്ളി ബായ് അന്വേഷണം ആരംഭിച്ചതിനു പിറകെയാണ് പുയിയ അക്കൗണ്ടുണ്ടാക്കി ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ വെളിപ്പെടുത്തിക്കൊണ്ടിരുന്നത്. ആപ്പിന്റെ നിർമാതാവ് താനാണെന്ന് പറഞ്ഞ ബിഷ്‌ണോയ് ലൊക്കേഷൻ നേപ്പാളെന്ന് കൊടുത്ത് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചിരുന്നു.

ക്വാറയിൽ സണ്ണി ലിയോൺ വിദഗ്ധൻ

സുള്ളി ഡീൽസിൽ സജീവമായി ഇടപെട്ടിരുന്നയാളാണ് നീരജ് ബിഷ്‌ണോയ് എന്ന് പൊലീസ് പറയുന്നു. ഇതിനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നതിനു പിന്നാലെയാണ് പുതിയ ആപ്പുമായി രംഗത്തെത്തുന്നത്. ബുള്ളി ബായ് ആപ്പ് നിർമിച്ചതിൽ അഭിമാനമേയുള്ളൂവെന്നാണ് അറസ്റ്റിലായ ശേഷവും ഇയാൾ വ്യക്തമാക്കിയത്.

അറസ്റ്റിനുശേഷം ബിഷ്‌ണോയിയുടെ ക്വാറ അക്കൗണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചോദ്യോത്തര ആപ്പായ ക്വാറയിൽ നീരജ് എന്ന പേരിലുള്ള അക്കൗണ്ടിൽ സാങ്കേതികവിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് കാര്യമായി മറുപടികൾ നൽകിവന്നിരുന്നത്. ഇതല്ലാതെ സണ്ണി ലിയോൺ, ആര്യൻ ഖാൻ-നവ്യ നവേലി വ്യാജ വിഡിയോ അടക്കമുള്ള വിഷയങ്ങളെക്കുറിച്ചാണ് ബിഷ്‌ണോയ് കാര്യമായി പ്രതികരിച്ചിട്ടുള്ളത്.

ഭോപ്പാലിലെ വിഐടിയിൽ കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബി ടെക് വിദ്യാർത്ഥിയായ ബിഷ്‌ണോയി ഇപ്പോൾ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ബുള്ളി ബായ് ആപ്പിന്റെ കോഡ് സ്‌ക്രിപ്റ്റ് ഇയാളുടെ ലാപ്‌ടോപ്പിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഒരു ഹൈഎൻഡ് ഗെയിമിങ് മെഷീനും ഹെഡി ഡ്യൂട്ടി ഗ്രാഫിക് കാർഡും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അശ്ലീല വീഡിയോകൾക്ക് അടിമയാണെന്ന് ചോദ്യം ചെയ്യലിൽ ബിഷ്ണോയ് സമ്മതിച്ചിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News