ബിരിയാണി പങ്കുവയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി, ഇരുവരും മരിച്ചു

ചെന്നൈ അയനവാരത്ത് തിങ്കളാഴ്ചയാണ് സംഭവം

Update: 2022-11-10 05:56 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം ഇരുവരുടെയും മരണത്തില്‍ കലാശിച്ചു. തര്‍ക്കം മൂത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചെന്നൈ അയനവാരത്ത് തിങ്കളാഴ്ചയാണ് സംഭവം.

70കാരിയായ പത്മാവതിയാണ് മരിച്ചത്. ദേഹത്ത് തീ പടര്‍ന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവ് കരുണാകരനെ(74) കെട്ടിപ്പിടിക്കുകയും അയാളിലേക്കും തീ പടരുകയായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മാവതി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നല്‍കിയ മൊഴിയാണ് യഥാര്‍ഥ സംഭവത്തിലേക്ക് വഴിതുറന്നത്. റിട്ടയേർഡ് റെയിൽവേ ജീവനക്കാരനായ കരുണാകരനും പത്മാവതിയും അയനാവരത്തെ ടാഗോ നഗർ മൂന്നാം സ്ട്രീറ്റിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നാലു മക്കളാണ് ഇവര്‍ക്ക്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായിട്ടാണ് ഇവര്‍ താമസിക്കുന്നത്. ശുശ്രൂഷിക്കാൻ ആളില്ലാത്തതിനാൽ ദമ്പതികൾ വിഷാദത്തിലായിരുന്നുവെന്നും ഇവർ തമ്മിൽ വഴക്കിടാറുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Advertising
Advertising

തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കരുണാകരന്‍ റസ്റ്റോറന്‍റില്‍ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിച്ചതാണ് പത്മാവതിയെ ചൊടിപ്പിച്ചത്. തനിക്കും കൂടി വാങ്ങാത്തതിനാല്‍ ബിരിയാണിയുടെ ഒരു പങ്ക് വേണമെന്ന് പത്മാവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കരുണാകരന് ഇഷ്ടപ്പെട്ടില്ല. അവര്‍ തമ്മില്‍ വഴക്കാവുകയും കരുണാകരന്‍ പത്മാവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഇവരുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ദമ്പതികളെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയെലത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കരുണാകരന് 50 ശതമാനവും ഭാര്യക്ക് 65 ശതമാനവും പൊള്ളലേറ്റിരുന്നു. പത്മാവതി ചൊവ്വാഴ്ച രാത്രിയും കരുണാകരന്‍ ബുധനാഴ്ച രാവിലെയുമാണ് മരിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News