ഇന്‍ഡ്യ സഖ്യ നേതാക്കള്‍ക്ക് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

നേതാക്കള്‍ ഉയര്‍ത്തുന്ന പല വിഷയങ്ങളും നിലവില്‍ സുപ്രിംകോടതിക്ക് മുന്നിലുള്ളതാണെന്നും ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ച അനുചിതമാണെന്നും ചീഫ് ജസ്റ്റിസ്

Update: 2026-10-12 03:14 GMT

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യ നേതാക്കള്‍ക്ക് കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇന്‍ഡ്യ നേതാക്കള്‍ ഉയര്‍ത്തുന്ന പല വിഷയങ്ങളും നിലവില്‍ സുപ്രിംകോടതിക്ക് മുന്നിലുള്ളതാണെന്നും, ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ച അനുചിതമാണെന്നും ചീഫ് ജസ്റ്റിസ് ഇ-മെയില്‍ വഴി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എസ്‌ഐആര്‍ നിര്‍ത്തിവെക്കുക, ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നല്‍കുമെന്നായിരുന്നു ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നത്.

Advertising
Advertising

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഇന്‍ഡ്യ സഖ്യം വീണ്ടും പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്ന് സുപ്രിംകോടതിയിലേക്ക് സമാധാനപരമായി മാര്‍ച്ച് നടത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. വിദ്യാര്‍ഥികളോടും സാമൂഹിക പ്രവര്‍ത്തകരോടും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

പൊലീസും ബിജെപി ഗുണ്ടകളും പ്രതിഷേധക്കാരെ മര്‍ദിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മള്‍ ആഗ്രഹിക്കുന്ന ഇന്ത്യ ഇതല്ല. പാര്‍ട്ടി, ലിംഗം, ജാതി, സമുദായം, സംസ്ഥാനം തുടങ്ങിയ വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ന് മാര്‍ച്ച് നടത്തും -രാഹുല്‍ പറഞ്ഞു. ഉച്ചക്ക് 1.30ന് കൊണാട്ട് പ്ലേസില്‍ നിന്ന് ബരാഖംബ റോഡിലേക്കാണ് പ്രതിഷേധം. 'ജനാധിപത്യത്തിനായുള്ള മാര്‍ച്ച്' എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വീണ്ടും ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സിജെപി. ഇന്ന് രാവിലെ പത്ത് മണിക്ക് പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനിലെത്തി, ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടും. അനുമതി നല്‍കിയില്ലെങ്കില്‍ മറ്റൊരിടത്ത് സമരം പ്രഖ്യാപിക്കാനാണ് തീരുമാനം. പ്രവര്‍ത്തകരോട് ഡല്‍ഹിയില്‍ തന്നെ തുടരാനും സിജെപി നിര്‍ദേശിച്ചു.

ഇന്നലത്തെ സമരത്തിനിടെ പൊലീസ് പിടികൂടിയ പല പ്രതിഷേധക്കാരും ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്. കൊണാട്ട് പ്ലേസില്‍ നിന്ന് കസ്റ്റഡിയിലെടുക്കപ്പെട്ടവരാണ് തടങ്കലില്‍ ഉള്ളത്. ഇവര്‍ താത്കാലിക തടങ്കല്‍ കേന്ദ്രങ്ങളിലാണ് കഴിയുന്നത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News