'ദലിത് വിരുദ്ധ പാര്‍ട്ടി, ബി.ജെ.പിയിലേക്ക് പോകരുതെന്ന് ഒരുപാട് പേര്‍ പറഞ്ഞു'; കര്‍ണാടക ബി.ജെ.പി എം.പി

തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ ആഗ്രഹമില്ല

Update: 2024-07-10 06:26 GMT

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ കര്‍ണാടകയിലെ ദലിത് നേതാക്കൾക്ക് ഇടം നിഷേധിച്ചതിനെതിരെ വിജയപുര (ബിജാപൂർ)എം.പിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രമേഷ് ജിഗജിനാഗി. ബി.ജെ.പി ദലിത് വിരുദ്ധ പാര്‍ട്ടിയാണെന്നും അങ്ങോട്ട് പോകരുതെന്ന് തന്നോട് ഒരുപാട് പേര്‍ പറഞ്ഞിരുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 9 ന് അധികാരമേറ്റ പുതിയ സർക്കാരിൽ തനിക്ക് കാബിനറ്റ് അംഗത്വം നിഷേധിച്ചത് 'നീതിയാണോ അനീതിയാണോ' എന്ന് അറിയില്ലെന്ന് കർണാടകയിൽ നിന്ന് ഏഴ് തവണ എം.പിയായ രമേഷ് പറഞ്ഞു. തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ ആഗ്രഹമില്ല. എന്നാല്‍ എംപിയായി തിരിച്ചെത്തിയ ശേഷം മന്ത്രിയാകാത്തതെന്തുകൊണ്ടെന്ന ചോദ്യവുമായി ജനങ്ങള്‍ തനിക്കെതിരെ രംഗത്തുവന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. '' ദക്ഷിണേന്ത്യയില്‍ നിന്ന് ഏഴ് തവണ പാര്‍ലമെന്‍റിലെത്തിയ ഏക ദലിത് പ്രതിനിധി ഞാന്‍ മാത്രമാണ്. ഉയര്‍ന്ന ജാതിയിലുള്ള എല്ലാ നേതാക്കന്‍മാരും മന്ത്രിമാരായി. ദലിതുകള്‍ ഒരിക്കലും ബി.ജെ.പിയെ പിന്തുണച്ചില്ല എന്നാണ് ഇതിനര്‍ഥം. എനിക്ക് വളരെയധികം വേദനയുണ്ട്'' വിജയപുരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജിഗജിനാഗി. ബി.ജെ.പിയിൽ ചേർന്നതിന് ദലിത് സമുദായത്തിലെ നിരവധി അംഗങ്ങളും തൻ്റെ അനുയായികളും തന്നെ പരിഹസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

കര്‍ണാടകയിലെ പട്ടികജാതി വലത് വിഭാഗത്തില്‍പെട്ട പിന്നാക്ക സമുദായത്തിൽ നിന്നുള്ളയാളാണ് ജിഗജിനാഗി.കര്‍ണാടകയില്‍ പട്ടികജാതി വിഭാഗത്തെ എസ്.സി വലത്, എസ്.സി ഇടത് എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്. വലത് വിഭാഗം ബി.ജെ.പിയെ പിന്തുണക്കുമ്പോള്‍ ഇടത് കോണ്‍ഗ്രസിനൊപ്പമാണ്.

കര്‍ണാടകയില്‍ നിന്നും നാല് പേരാണ് കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇവരെല്ലാം സംസ്ഥാനത്തെ പ്രബല ജാതികളില്‍ പെട്ടവരാണ്. ക്യാബിനറ്റ് അംഗത്വം ലഭിച്ച ജെഡി(എസ്)ലെ എച്ച്‌ഡി കുമാരസ്വാമിയും സഹമന്ത്രി സ്ഥാനം ലഭിച്ച ബി.ജെ.പിയുടെ ശോഭ കരന്ദ്‌ലാജെയും വൊക്കലിഗ സമുദായത്തില്‍ പെട്ടവരാണ്. വി.സോമണ്ണ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളതാണ്. ബ്രാഹ്നണ സമുദായത്തില്‍ നിന്നുള്ള പ്രഹ്ളാദ് ജോഷിക്കും ക്യാബിനറ്റ് പദവി ലഭിച്ചു.

ബി.ജെ.പിയിൽ നിന്ന് ദലിത് അനുകൂല രാഷ്ട്രീയം പ്രതീക്ഷിക്കാനാവില്ലെന്ന് കോൺഗ്രസ് വിമര്‍ശിച്ചു. "ദലിത് നേതാക്കളെ വളരാനും അധികാരത്തിനടുത്തെത്താനും അനുവദിക്കാതെ ചവിട്ടിമെതിക്കുന്ന ബി.ജെ.പി പാർട്ടിയിൽ നിന്ന് ദലിതർക്ക് അധികാരം സ്വപ്നം കാണാൻ കഴിയില്ല." ജിഗജിനാഗിയുടെ പ്രസ്താവനയോടുള്ള കോണ്‍ഗ്രസിന്‍റെ പ്രതികരണം ഇതായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News