ദാവൂദ് ഇബ്രാഹിമിന്‍റെ കുടുംബ വീടും സ്വത്തുക്കളും ലേലത്തിന്

മുംബകെ ഗ്രാമത്തിലുള്ള നാല് സ്വത്തുക്കളും കൃഷിസ്ഥലമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2024-01-03 02:06 GMT
Editor : Jaisy Thomas | By : Web Desk

ദാവൂദ് ഇബ്രാഹിം

Advertising

മുംബൈ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ജനിച്ചുവളര്‍ന്ന വീടും സ്വത്തുക്കളും ലേലത്തിന്. മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള ദാവൂദിന്‍റെ വസതിയും കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്നു സ്വത്തുക്കളും വെള്ളിയാഴ്ച ലേലം ചെയ്യും.

മുംബകെ ഗ്രാമത്തിലുള്ള നാല് സ്വത്തുക്കളും കൃഷിസ്ഥലമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കള്ളക്കടത്തുകാരുടെയും വിദേശനാണ്യ തട്ടിപ്പുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന പ്രത്യേക നിയമമായ ‘സഫേമ’(Smugglers and Foreign Exchange Manipulators (Forfeiture of Property) Act) പ്രകാരമാണ് ദാവൂദിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. രത്നഗിരിയിലുള്ള നാല് പ്ലോട്ടുകളുടെ ആകെ മൂല്യം 19 ലക്ഷത്തിലധികം വരും. ദാവൂദിന്‍റെ സ്ഥലമായതിനാല്‍ ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സ്ഥലം ലേലത്തിന് വയ്ക്കാന്‍ തീരുമാനിച്ചത്.

ജനുവരി 5 ന് മുംബൈയിൽ ലേലം നടക്കും. രജിസ്ട്രേഷന്റെ അവസാന തിയതി ബുധനാഴ്ചയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ദാവൂദിന്റെയോ കുടുംബത്തിന്റെയോ 11 വസ്തുവകകൾ ലേലം ചെയ്തിരുന്നു. 4.53 കോടിക്കാണ് റസ്റ്റോറന്‍റ് വിറ്റത്. ആറ് ഫ്ലാറ്റുകള്‍ 3.53 കോടി രൂപക്കും ഗസ്റ്റ് ഹൗസ് 3.52 കോടിക്കും വില്‍പന നടത്തിയിരുന്നു.

സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ ഇന്ത്യ അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. 250 പേരുടെ മരണത്തിന് കാരണമാകുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമാണ്.

ഈയിടെ ദാവൂദിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും കറാച്ചിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇത് നിഷേധിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News