''മതസൗഹാർദം തകർക്കാനാണ് ആപ്പ് നിർമിച്ചത്''; ബുള്ളി ബായ് നിർമാതാവിന് കോടതി ജാമ്യം നിഷേധിച്ചു

കുറ്റങ്ങൾ ഗുരുതരമാണെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം പ്രാരംഭദശയിലായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ പറഞ്ഞു

Update: 2022-01-30 11:58 GMT
Editor : Shaheer | By : Web Desk
Advertising

മുസ്‌ലിം സ്ത്രീകളെ ലേലത്തിനുവച്ച് ലൈംഗികാധിക്ഷേപം നടത്തിയ ബുള്ളി ബായ് ആപ്പിന്റെ നിർമാതാവ് നീരജ് ബിഷ്‌ണോയിക്ക് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു. വെറും സ്ത്രീത്വത്തിനെതിരു മാത്രമല്ല, രാജ്യത്തെ മതസൗഹാർദം തകർക്കുകകൂടി ലക്ഷ്യമിട്ടാണ് ആപ്പ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്.

യുവാവിനെതിരായ കുറ്റങ്ങൾ കടുത്തതാണെന്നും അന്വേഷണം പ്രാരംഭദശയിലായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ പറഞ്ഞു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ജഡ്ജി ജാമ്യം നിഷേധിച്ചത്. തനിക്കെതിരായ അന്വേഷണം പൂർത്തിയായിട്ടുണ്ടെന്നും ഇനിയും തന്നെ തടവിൽവയ്ക്കുന്നതിൽ കാര്യമില്ലെന്നും അഭിഭാഷകൻ മുഖേനെ പ്രതി കോടതിയോട് പറഞ്ഞു. താനൊരു എൻജിനീയറിങ് വിദ്യാർത്ഥിയാണെന്നും ഒരുതരത്തിലുമുള്ള ക്രിമിനൽ പശ്ചാത്തലവുമില്ലെന്നും കുറ്റാരോപിതൻ വാദിച്ചു. എന്നാൽ, ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു.

കേസിൽ അറസ്റ്റിലായ അറസ്റ്റിലായ മറ്റു മൂന്നുപ്രതികളുടെ ജാമ്യാപേക്ഷയെ മുംബൈ പൊലീസും എതിർത്തിരുന്നു. വിശാൽകുമാർ ഝാ, ശ്വേതാ സിങ്, മായങ്ക് റാവത്ത് എന്നിവരുടെ ജാമ്യാപേക്ഷയെയാണ് ഇവർക്ക് സുള്ളി ഡീൽസ് കേസിലും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് എതിർത്തത്. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ബുള്ളി ബായ് ആപ്പ് നിർമാതാവ് നീരജ് ബിഷ്ണോയിയുടെ സഹായത്തോടെയാണ് പ്രതികൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്ന് മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ സെൽ കോടതിയെ അറിയിച്ചു.

Summary: A Delhi court has dismissed the bail application of Niraj Bishnoi, the alleged creator of the Bulli Bai app, saying his offence was not only against the essence of womanhood but was also designed to disturb communal harmony.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News