ഡൽഹിയിൽ പ്രസാദം നൽകാത്തതിന് ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു; മര്‍ദിച്ചത് ദര്‍ശനത്തിനെത്തിയവര്‍, ഒരാൾ അറസ്റ്റിൽ
ഒരു കൂട്ടം ആളുകൾ ചേർന്ന് യുവാവിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ഡൽഹി: ഡൽഹിയിൽ പ്രസാദം നൽകാത്തതിന് ക്ഷേത്ര ജീവനക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി കൽക്കാജി ക്ഷേത്രത്തിലാണ് സംഭവം. 35കാരനായ യോഗേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. ഒരു കൂട്ടം ആളുകൾ ചേർന്ന് യുവാവിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഹർദോ സ്വദേശിയായ യോഗേന്ദ്ര കഴിഞ്ഞ 15 വർഷമായി കൽക്കാജി ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഈ സമയത്ത് ഒരു കൂട്ടം പുരുഷൻമാര്‍ ക്ഷേത്രത്തിൽ ദർശനം നടത്തുകയും അദ്ദേഹത്തിൽ നിന്ന് പ്രസാദം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സിങ് വിസമ്മതിച്ചപ്പോൾ വാക്കുതര്‍ക്കമുണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.
ക്ഷേത്ര ദർശനത്തിനെത്തിയ ആളുകൾ പ്രസാദം ആവശ്യപെട്ട് യോഗേന്ദ്രയെ സമീപിച്ചു. തുടർന്ന് വാക്ക് തർക്കം ഉണ്ടായി. അതിനു ശേഷമാണ് മർദ്ദനം ആരംഭിച്ചത്. കൈ കൊണ്ടും വടികൊണ്ടും ക്രൂരമായാണ് മർദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായി കിടക്കുന്ന ജീവനക്കാരന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉടൻ എയിംസ് ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കൽക്കാജി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദക്ഷിണപുരി സ്വദേശിയായ അതുൽ പാണ്ഡെ (30) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.