ഗോമൂത്ര സംസ്ഥാന പരാമർശം; വിവാദമായതോടെ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എം.പി

പരാമർശം വിവാദമായതിനു പിന്നാലെ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇവ സഭാരേഖകളിൽ നിന്ന് നീക്കിയിരുന്നു.

Update: 2023-12-06 12:36 GMT
Advertising

ന്യൂഡൽഹി: ബിജെപി ജയിച്ചത് ​ഗോമൂത്ര സംസ്ഥാനങ്ങളിലാണെന്ന പരാമർശം വിവാദമായതോടെ പിൻവലിച്ച് ഡിഎംകെ എം.പി. തമിഴ്നാട്ടിലെ ധർമപുരി എം.പി ഡി.എൻ.വി സെന്തിൽകുമാറാണ് പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചത്. ചൊവ്വാഴ്ച പാർലമെന്റിന്റെ ശൈത്യകാല സെഷനിലായിരുന്നു എം.പി വിവാദ പരാമർശം നടത്തിയത്. പരാമർശത്തിനെതിരെ ബിജെപി രം​ഗത്തുവരികയും സഭാരേഖകളിൽ നിന്ന് ഇവ നീക്കുകയും ചെയ്തിരുന്നു.

എന്നാൽ പ്രതിഷേധം തുടരുകയും ഇൻഡ്യ മുന്നണിയെക്കൂടി ബിജെപി കടന്നാക്രമിക്കുകയും ചെയ്തതോടെയാണ് എം.പി പരാമർശം പിൻവലിച്ച് ലോക്സഭയിൽ ഖേദ പ്രകടനം നടത്തിയത്. "ഞാൻ ഇന്നലെ അശ്രദ്ധമായി പ്രസ്താവന നടത്തിയതാണ്. എന്റെ പ്രസ്താവന പാർലമെന്റ് അംഗങ്ങളുടെയും ഏതെങ്കിലും ജനവിഭാഗങ്ങളുടേയും വികാരം വ്രണപ്പെടുത്തിയെങ്കിൽ ഞാനത് പിൻവലിക്കുന്നു. പരാമർശത്തിൽ ഖേദിക്കുന്നു"- എം.പി പറഞ്ഞു.

ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ പരിഹസിച്ചായിരുന്നു ഡിഎംകെ എം.പിയുടെ പരാമർശം. 'ഗോമൂത്ര' സംസ്ഥാനങ്ങൾ എന്ന് നമ്മൾ പൊതുവെ വിളിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് ബിജെപിയുടെ ശക്തിയെന്ന് ഈ രാജ്യത്തെ ജനങ്ങൾ ചിന്തിക്കണം'- എന്നായിരുന്നു ഡി.എൻ.വി സെന്തിൽകുമാർ ലോക്സഭയിൽ പറഞ്ഞത്.

ഇത് സഭയിൽ വിവാദമായതിനു പിന്നാലെ ലോക്‌സഭാ സ്പീക്കർ ഓം ബിർള പരാമർശങ്ങൾ നീക്കി. എന്നാൽ എം.പിക്കെതിരെ കേന്ദ്രമന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾ രം​ഗത്തെത്തി. സനാതന പാരമ്പര്യത്തോടുള്ള അനാദരവാണ് ഡിഎംകെ എം.പിയുടെ പരാമർശത്തിൽ കണ്ടതെന്നും ഗോമൂത്രത്തിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് ഡിഎംകെ വൈകാതെ അറിയുമെന്നുമായിരുന്നു ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ പ്രസ്താവന.

നേരത്തെ, സോഷ്യൽമീഡിയയിൽ സെന്തിൽ കുമാർ തന്റെ അഭിപ്രായത്തിന് ക്ഷമാപണം നടത്തിയിരുന്നു. "അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലത്തെക്കുറിച്ച് അഭിപ്രായപ്പെടുമ്പോൾ, ഞാൻ അനുചിതമായ ഒരു വാക്ക് ഉപയോഗിച്ചു. ആ പദം ഒരു ഉദ്ദേശത്തോടെയും ഉപയോഗിച്ചതല്ല. ഞാൻ ക്ഷമ ചോദിക്കുന്നു"- എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News