പാർലമെന്റിലെ മികവ്; പുരസ്‌കാരം ഏറ്റുവാങ്ങി ഡോ. ജോൺ ബ്രിട്ടാസും ശശി തരൂരും

2023 ലെ മികച്ച നവാഗത പാർലമെന്റേറിയനുള്ള ലോക്മത് പുരസ്‌കാരം ഡോ. ജോൺ ബ്രിട്ടാസ് എംപിയും ലോക്സഭയിലെ മികച്ച പ്രവർത്തനത്തിനുളള ലോക്മത് പുരസ്‌കാരം ഡോ. ശശി തരൂർ എംപിയും ഏറ്റുവാങ്ങി

Update: 2024-02-06 13:52 GMT
Advertising

ന്യൂഡൽഹി: 2023 ലെ മികച്ച നവാഗത പാർലമെന്റേറിയനുള്ള ലോക്മത് പുരസ്‌കാരം ഡോ. ജോൺ ബ്രിട്ടാസ് എംപിയും ലോക്സഭയിലെ മികച്ച പ്രവർത്തനത്തിനുളള ലോക്മത് പുരസ്‌കാരം ഡോ. ശശി തരൂർ എംപിയും ഏറ്റുവാങ്ങി. ദില്ലിയിലെ ഡോ. അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പുരസ്‌കാരം സമ്മാനിച്ചു.

ലോക്സഭാ എംപിമാരായ ഡാനിഷ് അലി, മേനകാ ഗാന്ധി, ഹർസിമർത് കൗർ എന്നിവരും രാജ്യസഭാ എംപിമാരായരാം ഗോപാൽ യാദവ്, സസ്മിത് പാത്ര, സരോജ് പാണ്ഡെ എന്നിവരും ലോക്മത് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാരം. കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ, ജൂറി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ, ലോക്മത് മീഡിയ ഗ്രൂപ്പ് ചെയർമാൻ ഡോ. വിജയ് ദർദ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പാർലമെന്റിൽ ആദ്യ തവണയാണെങ്കിലും മികവുറ്റ പ്രകടനമാണ് ജോൺ ബ്രിട്ടാസ് നടത്തുന്നതെന്ന് ജൂറി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേൽ പ്രശംസിച്ചു. വളരെ പ്രതിഭാധനനായ പാർലമെന്റ് അംഗമാണ് ജോൺ ബ്രിട്ടാസെന്നും അദ്ദേഹം അഭിനന്ദിച്ചു. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള സഭാ നടപടികളിലെ പ്രാഗത്ഭ്യം മുൻനിർത്തിയാണ് ഡോ. ജോൺ ബ്രിട്ടാസ് പുരസ്‌കാരത്തിന് അർഹനായത്.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, ശരദ് പവാർ, മുലായം സിംഗ് യാദവ്, ശരദ് യാദവ്, സീതാറാം യെച്ചൂരി, ജയ ബച്ചൻ, സുപ്രിയ സുലെ, എൻഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാർ തുടങ്ങിയ മുതിർന്ന നേതാക്കളാണ് മുൻ വർഷങ്ങളിലെ ലോക്മത് പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്. ഹൈദരാബാദിൽ നിന്നുള്ള അസദുദ്ദീൻ ഉവൈസിക്കായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്‌കാരം. 2023 ലെ മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്‌ന അവാർഡും ഡോ. ജോൺ ബ്രിട്ടാസ് കരസ്ഥമാക്കിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News