ഐ.എ.എസ് ഓഫീസറുടെ കസേരയിലിരുന്ന് ഫോട്ടോയെടുത്ത് വാട്ട്‌സാപ്പ് ഡി.പിയാക്കി; യുവാവിനെതിരെ അന്വേഷണം

ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ജില്ലാ ഭരണകൂടം സംഭവം അറിയുന്നത്

Update: 2023-08-22 13:38 GMT
Editor : Lissy P | By : Web Desk
Advertising

സേലംപൂർ: ഐ.എ.എസ് ഓഫീസറുടെ കസേരയിലിരുന്ന് ഫോട്ടോയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം.   യുവാവ് സേലംപൂർ തഹസിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ്  ചേംബറിൽ കയറി കസേരയിൽ ഇരുന്ന് കൈയിൽ പേനയും പിടിച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. തുടർന്ന് ഇയാള്‍ ചിത്രം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും വാട്ട്സ്ആപ്പിൽ തന്റെ ഡിസ്പ്ലേ ചിത്രമായി (ഡിപി) ഉപയോഗിക്കുകയും ചെയ്തു.   യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇത് എസ്.ഡി.എമ്മിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾനവൽപൂർ സ്വദേശിയാണെന്നും ഡ്രൈവറായി ജോലി ചെയ്യുകയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നൊനാപർ ഗ്രാമത്തിൽ ജില്ലാ മജിസ്ട്രേറ്റിനൊപ്പം ഒരു പരിപാടിക്ക് പോയപ്പോഴാണ് വൈറലായ ഫോട്ടോ തനിക്ക് ലഭിച്ചതെന്ന് എസ്.ഡി.എം സീമ പാണ്ഡെ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഇയാൾ എങ്ങനെ ചേംബറിൽ കടന്നെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാൾക്ക് ഓഫീസിലെ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും സീമ പാണ്ഡെ പറഞ്ഞു. സംഭവം ക്രിമിനൽ കുറ്റമാണ്. ആരായാലും  ശക്തമായ നടപടിയെടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News