ഹൈദരാബാദ്: മുംബൈയിലെ അടല്‍ സേതു കടല്‍പ്പാലത്തെ പ്രശംസിച്ച നടി രശ്മിക മന്ദാനയെ ട്രോളി സോഷ്യല്‍മീഡിയ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ ബിഹാരി വാജ്പേയി സെവ്രി - നാവ ഷെവ അടൽ സേതുവിനേക്കുറിച്ച് എഎൻഐയോട് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച താരം, മുംബൈയിലെ ഗതാഗത ശൃംഖലയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണെന്നുമാണ് പറഞ്ഞത്.
എന്നാല്‍ സോഷ്യല്‍മീഡിയക്ക് ഇതത്ര പിടിച്ചില്ല. ഒരു പാലത്തെ നോക്കി ഇന്ത്യ അതിവേഗം നീങ്ങുന്നുവെന്ന് ചിന്തിക്കുന്നത് എന്ത് മണ്ടത്തരമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ ദൈനംദിന ജീവിതം എങ്ങനെയാണെന്ന് മനസിലാക്കാന്‍ ലോക്കല്‍ ട്രെയിനുകളില്‍ കയറി നോക്കൂവെന്ന് നെറ്റിസണ്‍സ് നടിയെ ഉപദേശിച്ചു. ''എപ്പോഴെങ്കിലും വിരാര്‍ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുക. അതിശയകരമായ അടിസ്ഥാന സൗകര്യങ്ങൾ കണ്ട് നിങ്ങള്‍ അന്തം വിടും''ഒരു ഉപയോക്താവ് പരിഹസിച്ചു. ''രശ്മിക നവി മുംബൈയിൽ താമസിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. അല്ലാത്തപക്ഷം നവി മുംബൈയിൽ താമസിക്കുന്നവർക്ക് പാലം പൂർണ്ണമായും ഉപയോഗശൂന്യമാണെന്ന് മനസിലാക്കാം'' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. നടി കങ്കണ റണാവത്തിന് പഠിക്കുകയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം.
അതിനിടെ 2022 ജൂണിനു മുന്‍പ് മഹാവികാസ് അഘാഡി ഭരണകാലത്ത് തന്നെ പാലത്തിന്‍റെ ഭൂരിഭാഗവും പൂര്‍ത്തിയായെന്ന വാദവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയതോടെ സംഭവം ചര്‍ച്ചയാവുകയും ചെയ്തു. ''ഇ.ഡി സംവിധാനം ചെയ്ത പരസ്യം' എന്നാണ് അടല്‍ സേതുവുമായി ബന്ധപ്പെട്ട് രശ്മിക പങ്കുവച്ച പ്രമോഷണല്‍ വീഡിയോയെ കേരളത്തിലെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. "പ്രിയപ്പെട്ട രശ്മിക , പെയ്ഡ് പരസ്യങ്ങളും സറോഗേറ്റ് പരസ്യങ്ങളും രാജ്യം മുമ്പ് കണ്ടിട്ടുണ്ട്. ഇതാദ്യമായാണ് ഞങ്ങൾ ഇ.ഡി സംവിധാനം ചെയ്യുന്ന ഒരു പരസ്യം കാണുന്നത്. നന്നായിട്ടുണ്ട്, നല്ല വര്‍ക്ക്. നിങ്ങളുടെ പരസ്യത്തില്‍ നിന്നും വ്യത്യസ്തമായി അടല്‍ സേതു ഉപയോഗശൂന്യമായ ഒന്നാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. കേരളത്തിൽ നിന്നുള്ളവരായതിനാൽ മുംബൈയിൽ തിരക്ക് കുറവാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മുംബൈയിലെ കോണ്‍ഗ്രസ് സുഹൃത്തുക്കളോട് തിരക്കി. രാജീവ് ഗാന്ധി ബാന്ദ്ര-വർളി സീ ലിങ്കിൽ കൂടുതൽ ട്രാഫിക് ഉണ്ടെന്ന് അവർ ഞങ്ങളെ അറിയിക്കുകയും റഫറൻസിനായി ഒരു വീഡിയോ പങ്കിടുകയും ചെയ്തു'' കോണ്‍ഗ്രസില്‍ എക്സില്‍ കുറിച്ചു.
''രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്ര ഇനി 20 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാം. അത് നമ്മുക്ക് വിശ്വസിക്കാൻ പോലുമാകില്ല. ഇത് നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. നവി മുംബൈയിൽ നിന്ന് മുംബൈയിലേക്കും ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും മുംബൈയിലേക്ക് പോകാം'' എന്നാണ് രശ്മിക പറഞ്ഞത്.
''എവിടെ പോകണമെങ്കിലും വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. ഞാനതിൽ അഭിമാനിക്കുന്നു. എനിക്ക് തോന്നുന്നു ഇന്ത്യ എവിടെയും നിൽക്കുന്നില്ല, നമ്മുടെ രാജ്യത്തിൻ്റെ വളർച്ച തന്നെ നോക്കൂ. കഴിഞ്ഞ 10 വർഷമായി രാജ്യം എങ്ങനെ വളർന്നുവെന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. അടിസ്ഥാന സൗകര്യങ്ങൾ, നമ്മുടെ രാജ്യത്തെ വിവിധ പദ്ധതികൾ, റോഡ് ആസൂത്രണം അങ്ങനെ എല്ലാം വളരെ മികച്ചതാണ്. ഇതിപ്പോൾ നമ്മുടെ സമയമാണെന്ന് ഞാൻ കരുതുന്നു. ഏഴ് വർഷത്തിനുള്ളിൽ 20 കി.മീ പൂർത്തിയാക്കി. അത് വളരെ അതിശയകരമായ കാര്യമാണ്.
സത്യസന്ധമായി പറയുകയാണെങ്കിൽ എനിക്ക് പറയാൻ വാക്കുകളില്ല. ഏറ്റവും സ്മാർട്ടായ രാജ്യമാണ് ഇന്ത്യയെന്ന് ഞാൻ പറയാനാഗ്രഹിക്കുന്നു. യങ് ഇന്ത്യ വളരെ വേഗത്തിൽ വളരുകയാണ്. യുവതലമുറ വളരെ ഉത്തരവാദിത്തമുള്ളവരാണ്. അതുകൊണ്ട് തന്നെ നിങ്ങൾ എന്ത് പറഞ്ഞാലും അവരെ സ്വാധീനിക്കാനാകില്ല. എന്താണ് സംഭവിക്കുന്നതെന്ന് അവർ കാണുന്നുണ്ട് മാത്രമല്ല വളരെ ഉത്തരവാദിത്തോടെയാണ് ആളുകൾ പെരുമാറുന്നതും. രാജ്യം ശരിയായ വഴിയിലൂടെയാണ് പോകുന്നതെന്നുമായിരുന്നു രശ്മികയുടെ വാക്കുകള്‍.