മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻസിപി) ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയനം അവസാന ഘട്ടത്തിലാണെന്ന് മഹാരാഷ്ട്ര മന്ത്രിയും ശിവസേന (ഏക്നാഥ് ഷിൻഡെ വിഭാഗം) നേതാവുമായ സഞ്ജയ് ശിർസത്. നേതാക്കളുടെ ഭാവി ചുമതലകളെക്കുറിച്ച് ഉടൻ വ്യക്തത വരുമെന്നും ദീപാവലി ദിനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് ശിർസത് ചൂണ്ടിക്കാട്ടി. "ഏത് പാർട്ടി ഏത് പാർട്ടിയിലാണ് ലയിക്കുക എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. ചർച്ചകൾ അന്തിമഘട്ടത്തിലാണ്, വിവിധ നേതാക്കളുടെ സ്ഥാനങ്ങൾ വൈകാതെ തീരുമാനിക്കപ്പെടും"- അദ്ദേഹം വ്യക്തമാക്കി.
ശരദ് പവാറിന്റെ മുംബൈയിലെ വസതിയിലെത്തി അന്തരിച്ച അജിത് പവാറിന്റെ മകനും എൻസിപി ജനറൽ സെക്രട്ടറിയുമായ പാർത്ഥ് പവാർ അദ്ദേഹത്തെ സന്ദർശിച്ചതിന് പിന്നാലെയാണ് ശിർസതിന്റെ പ്രസ്താവന. മുതിർന്ന എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ ആശുപത്രിയിലെത്തി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. നവംബർ 10-ന് ശേഷം വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന് ഇരുനേതാക്കളും സംസാരിക്കുന്നത് വിഡിയോയിൽ ഉണ്ടായിരുന്നു. ഇതാണ് ലയന സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചത്.
അജിത് പവാർ ജീവിച്ചിരുന്നെങ്കിൽ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഇരുവിഭാഗങ്ങളും ലയിക്കുമായിരുന്നുവെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെയും വ്യക്തമാക്കിയിരുന്നു. ജനുവരി 28നാണ് വിമാനാപകടത്തില് അജിത് പവാർ കൊലപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാർ പാർട്ടി അധ്യക്ഷസ്ഥാനവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, എൻസിപിക്കുള്ളിൽ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ പുകയുന്നതായും റിപ്പോർട്ടുകളുണ്ട്. സുനേത്ര പവാറിനെയും മക്കളായ പാർത്ഥ്, ജയ് എന്നിവരെയും ഒഴിവാക്കി പാർട്ടിയുടെ മുതിർന്ന നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ദില്ലിയിൽ ചെന്നു കണ്ടത് വാർത്തയായിരുന്നു. പാർത്ഥ് പവാറിന്റെ വളർച്ചയിൽ ചില മുതിർന്ന നേതാക്കൾക്കുള്ള അമർഷമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഷിൻഡെ വിഭാഗവും ഉദ്ധവ് താക്കറെയുടെ ശിവസേന (യു.ബി.ടി) യും തമ്മിലും സമാനമായ രീതിയിൽ ലയനം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, പാർട്ടിയിലേക്ക് വരുന്ന ആരെയും സ്വാഗതം ചെയ്യുമെന്നായിരുന്നു സഞ്ജയ് ശിർസതിന്റെ പ്രതികരണം.