പാര്‍ലെ-ജിയില്‍ യുഗാവസാനം; മുംബൈക്ക് ഇനി ആ ബിസ്‌കറ്റ് മണമില്ല, ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡ് പിറന്ന ഫാക്ടറി ഓര്‍മയാകും

ഒരു നഗരത്തിനാകെ ബിസ്‌കറ്റ് മണം നല്‍കിയ കെട്ടിടമാണ് ഓര്‍മയിലേക്ക് മറയാന്‍ പോകുന്നതെന്ന് മുംബൈക്കാര്‍ പറയുന്നു

Update: 2026-01-31 09:58 GMT

മുംബൈ: പാര്‍ലെ-ജി ബിസ്‌കറ്റ് കഴിക്കാത്ത ഇന്ത്യക്കാരുണ്ടാകുമോ? ചുരുക്കമായിരിക്കും. പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുള്ള, ഇന്ത്യയുടെ സ്വന്തം ബിസ്‌കറ്റ് ബ്രാന്‍ഡാണ് പാര്‍ലെ-ജി. നിഷ്‌കളങ്കമായ ചിരിയോടെ ജനമനസുകളിലേക്ക് കയറിയ പാര്‍ലെ ഗേളിനെ അറിയാത്തവരുണ്ടോ. മുംബൈയിലെ വിലെ പാര്‍ലെയിലെ തങ്ങളുടെ ഏറ്റവും ആദ്യത്തെ നിര്‍മാണ ഫാക്ടറി മാറ്റിസ്ഥാപിക്കാന്‍ പോവുകയാണ് പാര്‍ലെ പ്രൊഡക്ട്‌സ്. ഫാക്ടറി പൊളിച്ച് പുതിയ വ്യാപാര കേന്ദ്രം നിര്‍മിക്കാനാണ് പാര്‍ലെയുടെ പദ്ധതി. മുംബൈക്ക് ഒരു യുഗാവസാനമാണെന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.

Advertising
Advertising

വിലെ പാര്‍ലെയില്‍ 5.44 ഏക്കറിലായി വിശാലമായി കിടക്കുന്നതാണ് പാര്‍ലെ ഫാക്ടറി. 1929ല്‍ സ്ഥാപിച്ച ഫാക്ടറി 2016ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇവിടെയുള്ള 31 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയാണ് വാണിജ്യ കേന്ദ്രം പണിയുന്നത്. ഇതിനുള്ള അനുമതി പാര്‍ലെക്ക് ലഭിച്ചു. 


ഒരു നഗരത്തിനാകെ ബിസ്‌കറ്റ് മണം നല്‍കിയ കെട്ടിടമാണ് ഓര്‍മയിലേക്ക് മറയാന്‍ പോകുന്നതെന്ന് മുംബൈക്കാര്‍ പറയുന്നു. കുട്ടിക്കാലത്ത് വിലെ മുംബൈയിലൂടെ പോയപ്പോളുള്ള ഓര്‍മകളും ഫാക്ടറി സന്ദര്‍ശിച്ച ഓര്‍മകളും ഉള്‍പ്പെടെ പലരും പങ്കുവെക്കുന്നുണ്ട്. മുംബൈയിലെ ഏറ്റവും വലിയ ലാന്‍ഡ്മാര്‍ക്കുകളിലൊന്നായാണ് പാര്‍ലെ ഫാക്ടറി അറിയപ്പെട്ടിരുന്നത്.

പാര്‍ലെ-ജി ചരിത്രം

1929ല്‍ വിലെ പാര്‍ലെയിലെ ഫാക്ടറിയില്‍ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ലെ 1939ലാണ് ബിസ്‌കറ്റ് നിര്‍മാണം തുടങ്ങിയത്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ബ്രിട്ടീഷ് ബിസ്‌കറ്റുകള്‍ക്ക് പകരം നില്‍ക്കുന്ന ബിസ്‌കറ്റ് ബ്രാന്‍ഡായി വിപണിയിലെത്തിച്ചതാണ് പാര്‍ലെ-ജിയെ. 'പാര്‍ലെ ഗ്ലൂക്കോ ബിസ്‌കറ്റ്'എന്നായിരുന്നു 1980 വരെ പേര്. പിന്നീട് പേര് ചുരുക്കി പാര്‍ലെ-ജി എന്നാക്കി. 'ജി ഫോര്‍ ജീനിയസ്' എന്നാണ് പാര്‍ലെ ബ്രാന്‍ഡ് ചെയ്തത്. ഇന്ന് 40 ശതമാനത്തോളം വിപണി പങ്കാളിത്തത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ് ഉല്‍പ്പാദകരാണ് പാര്‍ലെ. ഹൈഡ് ആന്‍ഡ് സീക്ക്, ക്രാക്ക്ജാക്ക്, മൊണാക്കോ തുടങ്ങിയ ബിസ്‌കറ്റ് ബ്രാന്‍ഡുകളും പാര്‍ലെക്ക് ഉണ്ട്.

ആരാണ് പാര്‍ലെ-ജി പെണ്‍കുട്ടി

പാര്‍ലെ-ജി കവറില്‍ പുഞ്ചിരിക്കുന്ന പെണ്‍കുട്ടിക്ക് പതിറ്റാണ്ടുകളായിട്ടും ഒരു മാറ്റവും പാര്‍ലെ വരുത്തിയിട്ടില്ല. ആരാണ് ഈ പെണ്‍കുട്ടി, ഇവര്‍ ഇപ്പോഴുമുണ്ടോ, ഏത് നാട്ടുകാരിയാണ് തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങള്‍ പല കാലങ്ങളിലും ഉയര്‍ന്നിരുന്നു. പല ആളുകളുടെയും പേരുവെച്ചുള്ള കഥകളും പ്രചരിച്ചിരുന്നു. എന്നാല്‍, പാര്‍ലെ-ജി പെണ്‍കുട്ടി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്നാണ് പാര്‍ലെ പ്രൊഡക്ട്‌സിന്റെ വൈസ് പ്രസിഡന്റ് ഒരിക്കല്‍ വ്യക്തമാക്കിയത്. 1960കളില്‍ എവറസ്റ്റ് ക്രിയേറ്റീവ് എന്ന ഏജന്‍സിയിലെ ആര്‍ട്ടിസ്റ്റായ മഗന്‍ലാല്‍ ദഹിയ എന്നയാളാണ് ഈ ചിത്രം വരച്ചത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News