പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ പള്ളി 'അനധികൃതം'; പൈതൃകപട്ടികയിലും ഗസറ്റിലുമുള്ള പള്ളി ഒഴിഞ്ഞുപോകാൻ നോട്ടീസ്
പള്ളിയിലേക്കുള്ള വഴി നിലവിൽ അടച്ചിരിക്കുകയാണ്. കുടിവെള്ളം പോലും അകത്തേക്ക് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്
ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് പള്ളിക്ക് ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (L&DO) ഒഴിപ്പിക്കൽ നോട്ടീസ് നൽകി. ഭൂമി കൈയേറ്റം ആരോപിച്ചാണ് ഒക്ടോബർ 19ന് നോട്ടീസ് അയച്ചിരിക്കുന്നത്. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം 'അനധികൃതമാണെന്ന്' പ്രഖ്യാപിച്ച അധികൃതർ, ആറ് ദിവസത്തിനുള്ളിൽ സ്ഥലം ഒഴിഞ്ഞു പോകണമെന്ന് ഉത്തരവിട്ടു.
ഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ (NDMC) വെബ്‌സൈറ്റിൽ പൈതൃക സ്വത്തായി പട്ടികപ്പെടുത്തിയിട്ടുള്ള പള്ളിയുടെ വൈദ്യുതിയും കുടിവെള്ള ബന്ധവും ഒക്ടോബർ 7ന് തന്നെ വിച്ഛേദിച്ചിരുന്നു. പള്ളി സ്ഥിതി ചെയ്യുന്നത് സർക്കാർ ഭൂമിയിലാണെന്നാണ് ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ വാദം. ഇതിനുപുറമെ, പള്ളിയുടെ പൈതൃക പദവിയും നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
റേസ് കോഴ്സ് പള്ളിയും അതിനോട് ചേർന്നുള്ള ഖബർസ്ഥാനും സംരക്ഷിക്കുന്നതിനായി ജംഇയ്യത്ത് ഉലമാ-ഇ-ഹിന്ദ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്റെ അടിയന്തര ഇടപെടൽ തേടി. സംഘടനയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഹക്കീമുദ്ദീൻ ഖാസ്മി മന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിച്ചു.
1977ലെ ഡൽഹി ഗസറ്റിലും ന്യൂനപക്ഷകാര്യ മന്ത്രാലയം സൂക്ഷിക്കുന്ന പരിഷ്കരിച്ച പട്ടികയിലും എൻഡിഎംസിയുടെ പൈതൃക പട്ടികയിലും ഈ സ്ഥലം ഉൾപ്പെട്ടിട്ടുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിഷയം സംബന്ധിച്ച നിയമപരമായ തർക്കം പരിഹരിക്കപ്പെടുന്നതുവരെ പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട തുടർനടപടികളൊന്നും സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡിനോടും എൻ.ഡി.എം.സിയോടും ജംഇയ്യത്ത് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയത്തിൽ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി കിരൺ റിജിജു ഉറപ്പുനൽകിയതായി സംഘടന വ്യക്തമാക്കി.
കഴിഞ്ഞ ആറുമാസമായി വിഷയം ഡൽഹി വഖഫ് ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്ന് പള്ളിയുടെ ഇമാമായ മുഹമ്മദ് ഹറൂൺ ആരോപിച്ചു. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതിനെതിരെ എൻഡിഎംസിക്ക് കത്തെഴുതിയതല്ലാതെ പ്രശ്നം പരിഹരിക്കാൻ ബോർഡ് ഫലപ്രദമായ ഇടപെടലുകളൊന്നും നടത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പള്ളിയിലേക്കുള്ള വഴി നിലവിൽ അടച്ചിരിക്കുകയാണ്. കുടിവെള്ളം പോലും അകത്തേക്ക് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത് പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഷയത്തിൽ കോടതിയെ സമീപിക്കാൻ വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. സ്വയം കോടതിയിൽ പോകാൻ അനുമതിയും ചോദിച്ചു. എന്നാൽ വഖഫ് ബോർഡ് കോടതിയെ സമീപിക്കുകയോ തനിക്ക് അതിനുള്ള അനുമതി നൽകുകയോ ചെയ്തില്ലെന്ന് മുഹമ്മദ് ഹറൂൺ പറഞ്ഞു. 2021ൽ നടത്തിയ സർവേയിൽ റേസ് കോഴ്സ് പള്ളിയെ 'അനധികൃതമെന്നോ' 'കൈയേറ്റമെന്നോ' അടയാളപ്പെടുത്തിയിട്ടില്ലെന്നും പള്ളി അനധികൃത സ്വത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്സ് റോഡിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള വിപുലമായ ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായാണ് പള്ളിയും ഒഴിപ്പിക്കുന്നത്. ചേരി നിവാസികളെ ഒഴിപ്പിക്കാൻ അധികൃതർക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഒഴിപ്പിക്കപ്പെടുന്ന താമസക്കാരെ 45 കിലോമീറ്റർ അകലെയുള്ള 'സവ്ദ ഘേവ്‌റ' (Savda Ghevra) എന്ന പുനരധിവാസ കോളനിയിലേക്ക് മാറ്റുമെന്നും അവിടെ അവർക്ക് വിദ്യാഭ്യാസം, ഗതാഗതം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.