2006 മുംബൈ ട്രെയിൻ സ്ഫോടനക്കേസ്: കുറ്റക്കാരനല്ലെന്ന കോടതി വിധി കമാൽ അൻസാരിയുടെ ഖബറിനരികിൽ ഉറക്കെ വായിച്ച് കുടുംബം

കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയവെ, നാലുവർഷം മുമ്പാണ് കമാൽ അൻസാരി മരിച്ചത്.

Update: 2025-08-31 15:00 GMT
Editor : rishad | By : Web Desk

മുംബൈ: ഒരു അപൂര്‍വ കാഴ്ചക്കായിരുന്നു നാഗ്പൂരിലെ ജരിപത്ക ഖബര്‍സ്ഥാന് ഇന്ന്(ഞായറാഴ്ച) രാവിലെ സാക്ഷിയായത്. 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട കമാൽ അഹമ്മദ് അൻസാരിയുടെ ഖബറിടമായിരുന്നു അത്.

അദ്ദേഹത്തിന്റെ മക്കളും ബന്ധുമിത്രാദികളും അവിടെക്ക് എത്തിയത് ഒരു കോടതി വിധി വായിക്കാനായിരുന്നു. കുറ്റക്കാരനല്ലെന്ന മുംബൈ കോടതി വിധി, അദ്ദേഹത്തിന്റെ ഖബറിടത്തിനരികില്‍ വെച്ച് ഉറക്കെ വായിക്കുകയായിരുന്നു അവര്‍.

കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയവെ, നാലുവർഷം മുമ്പാണ് കമാൽ അൻസാരി മരിച്ചത്. 16 വർഷമാണ് അദ്ദേഹം ജയിലിൽ കിടന്നത്. 2021ൽ, കോവിഡ് സമയത്ത്, അദ്ദേഹം നാഗ്പൂർ സെൻട്രൽ ജയിലിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. 

Advertising
Advertising

2006ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിൽ, 2015ലാണ് പ്രത്യേക മക്കോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) കോടതി അൻസാരി ഉൾപ്പെടെ, 12 പേർക്ക് കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ 2025 ജൂലൈ 21ന് ബോംബെ ഹൈക്കോടതി എല്ലാ ശിക്ഷകളും റദ്ദാക്കുകയും 12 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഇവര്‍ കുറ്റക്കാരെന്ന് തെളിയിക്കാന്‍ പോന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. 

ബിഹാറിലെ മധുബാനി സ്വദേശിയായ അൻസാരി 2006ലാണ് കേസിൽ അറസ്റ്റിലാവുന്നത്. ഭാര്യയെയും അഞ്ച് കുട്ടികളുമടങ്ങുന്നതായിരുന്നു അൻസാരിയുടെ കുടുംബം. പ്രദേശത്ത് നടത്തിയിരുന്ന ചെറിയ ചിക്കൻ കടയിൽ നിന്നും പച്ചക്കറി വിറ്റുമാണ് കുടുംബം ഉപജീവനം കണ്ടെത്തിയിരുന്നത്. 

ഞായറാഴ്ച അൻസാരിയുടെ ഖബറിനരികെ ഇളയ സഹോദരൻ ജമാൽ അഹമ്മദ് അടക്കമുള്ളവർ എത്തിയിരുന്നു. ഒരു പതിറ്റാണ്ട് മുമ്പ് പ്രത്യേക മക്കോക്ക കോടതി കുറ്റവിമുക്തനാക്കിയ കേസിലെ ഏക പ്രതി ഡോ. അബ്ദുൾ വാഹിദ് ഷെയ്ഖും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News