ഗ്യാൻവാപി കേസ് ഇന്ന് വരാണസി ജില്ലാ കോടതി പരിഗണിക്കും

മസ്ജിദിൽ ആരാധന നടത്തണമെന്ന് അവകാശവാദം ഉന്നയിച്ച് ഹിന്ദു സേന ഉൾപ്പെടെയുള്ളവർ നൽകിയ ഹരജി നിയമപരമായി നിലനിൽക്കുമോ എന്നാണ് കോടതി പരിശോധിക്കുക.

Update: 2022-05-23 01:11 GMT

വരാണസി: ഗ്യാൻവാപി കേസ് ഇന്ന് വരാണസി ജില്ലാ കോടതി പരിഗണിക്കും. മസ്ജിദിൽ ആരാധന നടത്തണമെന്ന് അവകാശവാദം ഉന്നയിച്ച് ഹിന്ദു സേന ഉൾപ്പെടെയുള്ളവർ നൽകിയ ഹരജി നിയമപരമായി നിലനിൽക്കുമോ എന്നാണ് കോടതി പരിശോധിക്കുക. ജില്ലാ ജഡ്ജി അജയ്കുമാർ വിശ്വേഷ്ജി ആണ് ഹരജിയിൽ വാദം കേൾക്കുന്നത്.

സുപ്രീം കോടതി നിർദേശ പ്രകാരമാണ് ജില്ലാ ജഡ്ജി അജയ്കുമാർ വിശ്വേഷ് കേസുകൾ പരിഗണിക്കുന്നത്. നിയമപരമായി നിലനിൽക്കുന്ന തർക്കങ്ങളിലാണ് കോടതി വാദം കേൾക്കുക. 1991 ലെ ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമം ഗ്യാൻവാപി പള്ളികാര്യത്തിൽ നിലനിൽക്കുമോ എന്നത് കോടതി പരിശോധിക്കും. 1947ന് ശേഷമുള്ള ആരാധനാലയങ്ങളിൽ തൽസ്ഥിതി തുടരണമെന്നുള്ള നിയമം മസ്ജിദ് കമ്മിറ്റി ഇന്ന് വാദമായി ഉന്നയിക്കും.

Advertising
Advertising

എന്നാൽ പള്ളിക്കകത്തെ വുസു ഖാനയിൽ ശിവലിംഗം കണ്ടെത്തിയിട്ടുണ്ടെന്നും സർവേ റിപ്പോർട്ട് കോടതി വിശദമായി പരിശോധിക്കണമെന്നും ഹിന്ദു വിഭാഗവും വാദിക്കും. ഗ്യാൻവാപി മസ്ജിദിൽ ആരാധന നടത്തണമെന്ന് അവകാശവാദം ഉന്നയിച്ച് ഹിന്ദു വിഭാഗം നൽകിയ ഹരജി നിയമപരമായി നിലനിൽക്കുമോ എന്നാണ് ഇന്ന് കോടതി പരിശോധിക്കുക.കേസിന്റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ചാണ് സുപ്രീം കോടതി ഹരജികൾ ജില്ലാ ജഡ്ജിക്ക് കൈമാറിയത്.

കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ജില്ലാ ജഡ്ജിക്ക് കൈമാറിയതായി സർക്കാർ കൌണ്‍സിൽ മഹേന്ദ്ര പ്രസാദ് പാണ്ഡെ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി തീർപ്പ് കൽപ്പിക്കുന്നത് വരെയും അതിന് എട്ടാഴ്ചക്ക് ശേഷവും സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിക്കണമെന്നും നിസ്കാരത്തിന് സൌകര്യമൊരുക്കണമെന്നുമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News