'വോട്ട് ചെയ്യുകയെന്നത് കടമ, എന്നാൽ ആരെയും നിർബന്ധിക്കാനാവില്ല'; മദ്രാസ് ഹൈക്കോടതി

വോട്ട് ചെയ്തതിന്റെ തെളിവ് ഹാജരാക്കിയില്ലെങ്കിൽ ശമ്പളത്തോടുകൂടിയ അവധി നൽകരുതെന്ന് തൊഴിലുടമകളോട് നിർദേശിക്കണമെന്ന ഹരജി കോടതി തള്ളി

Update: 2024-03-23 06:00 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ:  വോട്ട് ചെയ്യുകയെന്നത് ഓരോ വ്യക്തിയുടെയും കടമയാണെങ്കിലും ആ അവകാശം വിനിയോഗിക്കാന്‍ ആരെയും നിർബന്ധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പോളിംഗ് ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുന്നതിന് വോട്ടിംഗ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മദ്രാസ് ഹൈക്കോടതി തള്ളി.

ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപൂർവാല, ജസ്റ്റിസ് ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ജീവനക്കാരൻ വോട്ടർമാരാണെങ്കിൽ, വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി ലഭിക്കുന്നതിന് വോട്ട് ചെയ്തതിന് ആവശ്യമായ തെളിവ് നിർബന്ധമാക്കണമെന്നായിരുന്നു ഹരജി. അഭിഭാഷകനായ രാംകുമാർ ആദിത്യനാണ് ഹരജി നൽകിയത്.

Advertising
Advertising

മുൻതെരഞ്ഞെടുപ്പിൽ മിക്കവാറും എല്ലാ മേഖലകളിലും കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയതെന്ന് ഹരജിയില്‍ പറയുന്നു. വോട്ട് ചെയ്യാനുള്ള മടി, കനത്ത ചൂട്, നല്ല സ്ഥാനാർഥികളുടെ അഭാവം, വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തത് എന്നിവയാണ് പോളിങ് കുറയാൻ കാരണമെന്നും ആദിത്യൻ പറഞ്ഞു. അതിനാൽ പോളിങ് ശതമാനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം വാദിച്ചു.

തെരഞ്ഞെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി നൽകാൻ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെങ്കിലും ജീവനക്കാർ തങ്ങളുടെ അവകാശം വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനമില്ലെന്ന് ഹരജിയില്‍ പറയുന്നു. നിയമാനുസൃതമായ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ തെളിവുകൾ ആവശ്യപ്പെടാൻ സ്ഥാപനത്തിന് അർഹതയുണ്ടെന്ന് ആദിത്യന്റെ ഹരജിയിൽ പറയുന്നു. ഇതിന് കൃത്യമായ മാര്‍ഗനിർദേശമുണ്ടാക്കണമെന്നും ഹരജിയിലുണ്ട്. 2021 മാർച്ച് 26 നും 2024 ഫെബ്രുവരി 20 നും ഇത് സംബന്ധിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിവേദനം നൽകിയിട്ടുണ്ടെന്ന് ഹരജിക്കാരന്‍ അവകാശപ്പെട്ടു. എന്നാൽ വോട്ട് ചെയ്തതിൻ്റെ തെളിവ് സമർപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

എന്നാൽ വോട്ട് ചെയ്യുക എന്ന വിലയേറിയ അവകാശം വിനിയോഗിക്കുന്നില്ലെന്ന് ഒരാൾ തീരുമാനിച്ചാൽ അയാളെ നിർബന്ധിക്കാൻ മറ്റൊരാൾക്കും കഴിയില്ല. വോട്ട് ചെയ്യാൻ മറ്റൊരാളെ എങ്ങനെയാണ് നിർബന്ധിക്കുകയെന്നും കോടതി ചോദിച്ചു. വോട്ട് ചെയ്യുക എന്നത് പൗരന്മാരുടെ കടമയാണെങ്കിലും നിയമപരമായി നിർബന്ധമാക്കിയ കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News