മുൻ എൻഎസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ചിത്ര രാമകൃഷ്ണയുടെ വീട്ടിലും ഓഫീസുകളിലും റെയിഡ്

നികുതി വെട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ പരിശോധിക്കാനാണ് റെയിഡ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

Update: 2022-02-17 10:15 GMT
Advertising

ഓഹരി വിപണിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഹിമാലയത്തിലെ അജ്ഞാത യോഗിക്ക് കൈമാറിയ സംഭവത്തിൽ നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ ചീഫ് എക്സിക്യൂട്ടീവ് ചിത്ര രാമകൃഷണന്റേയും സഹ പ്രവർത്തകനായ ആനന്ദ് സുബ്രഹ്‌മണ്യന്റേയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.

ഐടി വകുപ്പിന്റെ മുംബൈ വിഭാഗമാണ് ഇരുവരുടേയും മുബൈയിലും ചെന്നൈയിലുമുള്ള സ്ഥാപനങ്ങളിൽ് റെയിഡ് നടത്തുന്നത്. രാവിലെയാണ് റെയിഡ് തുടങ്ങിയത്. ഇരുവർക്കുമെതിരെയുള്ള നികുതി വെട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ പരിശോധിക്കാനാണ് റെയിഡ് നടത്തുന്നതെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ചിത്രയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്. സിദ്ധപുരുഷൻ എന്ന് ചിത്ര വിശേഷിപ്പിക്കുന്ന യോഗിക്ക് ഇ-മെയിലിലൂടെയാണ് സുപ്രധാന വിവരങ്ങൾ കൈമാറിയത് എന്നാണ് മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയായ സെബി കണ്ടെത്തിയിരുന്നത്. 'ഇയാളുടെ കൈയിലെ പാവ മാത്രമായിരുന്നു' ചിത്ര എന്നാണ് സെബിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്. 

പ്രധാന തസ്തികകളിലെ നിയമനം അടക്കമുള്ള കാര്യങ്ങളിൽ 'സിദ്ധപുരുഷനിൽ' നിന്ന് ചിത്ര അഭിപ്രായം തേടിയിരുന്നു. ചിത്രയുടെ കമ്പ്യൂട്ടറിൽ പ്രമുഖ സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് ഇരുവരും തമ്മിലുള്ള ഇ-മെയിൽ ഇടപാടുകൾ പുറത്തുവന്നത്. ഇരുപതു വർഷം മുമ്പ് ഗംഗാതീരത്തു വച്ച് ഇയാളെ കണ്ടിരുന്നുവെന്നും വ്യക്തിഗത-തൊഴിൽ വിഷയങ്ങളിൽ ഉപദേശം തേടാറുണ്ടെന്നും ചിത്ര വ്യക്തമാക്കിയിരുന്നു. എന്നാൽ ഓഹരി വിപണിയുടെ അടിത്തറയെ തന്നെ തകർക്കുന്ന നീക്കമാണ് ചിത്രയുടേത് എന്നാണ് സെബിയുടെ കണ്ടെത്തൽ. സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ധന-വ്യാപാര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നത് അചിന്തനീയമാണെന്നും സെബി വൃത്തങ്ങൾ പറയുന്നു. ചിത്രയുടേത് ക്രിമിനൽ കുറ്റകൃത്യമാണ് എന്നാണ് സെബിയുടെ വിലയിരുത്തൽ.

സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ അഞ്ചു വർഷത്തെ പദ്ധതികൾ, സാമ്പത്തിക വിവരങ്ങൾ, ഓഹരി അനുപാതം, ബിസിനസ് പദ്ധതികൾ, ബോർഡ് മീറ്റിങ്ങിന്റെ അജണ്ട തുടങ്ങി ജീവനക്കാരുടെ പ്രകടന മൂല്യനിർണയം (പെർഫോമൻ അപ്രൈസൽ) വരെ ഇദ്ദേഹവുമായി ചിത്ര ചർച്ച ചെയ്തിരുന്നെന്ന് ദ ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ടു ചെയ്യുന്നു.

ഡയറക്ടർ ബോർഡുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 2016ലാണ് ചിത്ര രാമകൃഷ്ണൻ എൻഎസ്ഇ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് രാജിവച്ചത്. മേഖലയിൽ പരിചിതനല്ലാത്ത ആനന്ദ് സുബ്രഹ്‌മണ്യൻ എന്നയാളെ ചീഫ് ഓപറേറ്റിങ് ഓഫീസറായി നിയമിക്കാനുള്ള ചിത്രയുടെ ശിപാർശയാണ് ഭിന്നതകൾക്ക് വഴി വച്ചത്. അഞ്ചു കോടി രൂപയായിരുന്നു ആനന്ദിന്റെ ശമ്പളം. രാജിക്ക് പിന്നാലെയാണ് ചിത്രയുടെ കാലത്തെ കുറിച്ച് സെബി അന്വേഷണം ആരംഭിച്ചതും സിദ്ധനുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതും.

രാജിവച്ചതിന് തൊട്ടുപിന്നാലെ ഇവർ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ് നശിപ്പിക്കാൻ തീരുമാനിച്ചതിലും ദുരൂഹതയുണ്ട്. ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നേരത്തെ ഇവർക്ക് സെബി മൂന്നു കോടി രൂപ പിഴ ചുമത്തിയിരുന്നു. അടുത്ത മൂന്നു വർഷത്തേക്ക് വിപണിയിൽ ഇടപെടുന്നതിന് വിലക്കുമുണ്ട്. നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ആദ്യ വനിതാ മേധാവി കൂടിയായിരുന്നു ചിത്ര രാമകൃഷ്ണൻ.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News