'ഭീകരസത്വം പോലെ അസമത്വവും ദാരിദ്ര്യവും'; ഗഡ്കരിക്കു പിന്നാലെ തുറന്നടിച്ച് ആർ.എസ്.എസ്സും-പാളയത്തില്‍ പുകയുന്നതെന്ത്?

ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയാണ് രാജ്യത്ത് അസമത്വവും തൊഴിലില്ലായ്മയും രൂക്ഷമാകുകയാണെന്ന് വിമർശനമുന്നയിച്ചിരിക്കുന്നത്

Update: 2022-10-04 07:45 GMT
Editor : Shaheer | By : Web Desk
Advertising

നാഗ്പൂർ: ഇന്ത്യ സമ്പന്നമാകുമ്പോഴും ജനങ്ങൾ ദരിദ്രരാണെന്ന മുൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വിമർശനത്തിനു പിന്നാലെ രാജ്യത്തെ അസമത്വങ്ങൾക്കെതിരെ തുറന്നടിച്ച് ആർ.എസ്.എസ്. ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയാണ് രാജ്യത്ത് അസമത്വവും തൊഴിലില്ലായ്മയും രൂക്ഷമാകുകയാണെന്ന് വിമർശനമുന്നയിച്ചിരിക്കുന്നത്.

സംഘ്പരിവാർ അനുബന്ധ സംഘമായ സ്വദേശി ജാഗരണ്‍ മഞ്ച്(എസ്.ജെ.എം) സംഘടിപ്പിച്ച വെബിനാറിലായിരുന്നു ആർ.എസ്.എസ് നേതാവിന്റെ പരസ്യ വിമർശനം. ''രാജ്യത്ത് 20 കോടി ജനങ്ങൽ ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്ന കാര്യം വേദനിപ്പിക്കുന്നതാണ്. 23 കോടി പേരുടെ ദിവസക്കൂലി 375 രൂപയ്ക്കും താഴെയാണ്. ദാരിദ്ര്യംഭീകരസത്വം പോലെയുള്ള വെല്ലുവിളിയായി നമുക്കുമുൻപിൽ നിൽക്കുകയാണ്. ഈ പിശാചിനെ വകവരുത്തേണ്ടത് വളരെ പ്രധാനമാണ്.''-ഹൊസബാളെ പറഞ്ഞു.

സ്വയം പര്യപ്തമാകാനുള്ള നല്ല ശ്രമങ്ങളെല്ലാം ഇന്ത്യ നടത്തിയിട്ടുണ്ട്. അത് ലോകസമൂഹം അംഗീകരിക്കും ചെയ്തതാണ്. അടുത്തിടെയായി രാജ്യം സാമ്പത്തികരംഗത്ത് വലിയ പുരോഗിത കൈവരിച്ചിട്ടുണ്ടെങ്കിലും അടിയന്തരമായി പരിഹരിക്കേണ്ട ചില വിഷയങ്ങളുണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം രാജ്യത്തെ അസമത്വങ്ങളും തൊഴിലില്ലായ്മയുമെല്ലാം എടുത്തുകാട്ടിയത്.

ഒൻപതു ദിവസത്തെ നവരാത്രിക്കു ആഘോഷങ്ങൾക്കുശേഷം വിജയദശമി ദിനത്തിൽ അസുരന്മാരെ നിഗ്രഹിക്കുന്ന പോലെ പതിറ്റാണ്ടുകളായി രാജ്യം നേരിടുന്ന പൈശാചികരൂപം പൂണ്ട ചില വെല്ലുവിളികളെയും അവസാനിപ്പിക്കേണ്ടതുണ്ട്. അതിലൊന്നാണ് ദാരിദ്ര്യം. അതിനെ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം. ഈ വെല്ലുവിളി നമ്മൾ മറികടക്കണം-ഹൊസബാളെ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും ഐക്യരാഷ്ട്ര സഭ നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ത്യയെ സാഹചര്യം വിശദീകരിക്കുന്ന യു.എൻ റിപ്പോർട്ടിൽ പറയുന്നത് രാജ്യത്തെ വലിയൊരു വിഭാഗത്തിന് ഇപ്പോഴും ശുദ്ധജലവും പോഷകാഹാരവുമെല്ലാം ഇനിയും കിട്ടാക്കനിയാണെന്നാണ്. സമൂഹത്തിൽ നിലനിൽക്കുന്ന അസന്തുഷ്ടിക്കും സാക്ഷരതയില്ലായ്മയ്ക്കും പിന്നിൽ ദാരിദ്ര്യം പ്രധാന കാരണമാണെന്നും ദത്താത്രേയ ഹൊസബാളെ കൂട്ടിച്ചേർത്തു.

മോദി സർക്കാരിനുള്ള വിമർശനമല്ലെന്ന് ബി.ജെ.പി; ഭാരത് ജോഡോ യാത്രയുടെ വിജയമെന്ന് കോൺഗ്രസ്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയമാണ് കഴിഞ്ഞ ദിവസങ്ങൡ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളിലൂടെ പുറത്തുവരുന്നതെന്നാണ് കോൺഗ്രസ് വാദിക്കുന്നത്. രാജ്യത്തെ വിഭജിക്കുകയും സമൂഹത്തിൽ വിഷം കുത്തിവയ്ക്കുകയും ചെയ്യുന്നവർ തൊഴിലില്ലായ്മയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചുമെല്ലാം ശബ്ദിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും ഭാരത് ജോഡോ യാത്രയുടെ വിജയമാണിതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് അവകാശപ്പെട്ടു. ഭാരത് ജോഡോ ഉയർത്തുന്ന വിഷയമാണ് ഇപ്പോൾ ആർ.എസ്.എസ് നേതാക്കളും ഉന്നയിക്കുന്നതെന്നാണ് വിശദീകരണം.

എന്നാൽ, ഹൊസബാളെയുടെ വിമർശനത്തെക്കുറിച്ച് പാർട്ടിക്ക് പ്രത്യേകിച്ച് നിലപാടൊന്നുമില്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. പൊതുവായ ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് ആർ.എസ്.എസ് നേതാവ് സംസാരിച്ചതെന്ന് ബി.ജെ.പി വക്താവ് ഗോപാൽ കൃഷ്ണ വാദിച്ചു. സംഭവം മോദി സർക്കാരിനെതിരെയുള്ള വിമർശനമാണെന്ന തരത്തിൽ ചർച്ച നടക്കുമ്പോഴാണ് കൂടുതൽ വിശദീകരിക്കാൻ ബി.ജെ.പി വിസമ്മതിച്ചത്.

Summary: RSS general secretary Dattatreya Hosabale expresses concern over 'rising income inequality', says poverty is a demon, we need to kill it

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News