സംഘർഷത്തിനിടയിൽ ഉദയ്പൂരിൽ രഥയാത്ര; നമസ്‌കാരം വീടുകളിൽ നടത്താൻ പൊലീസ് നിർദേശം

രഥയാത്രയുടെ മുന്നോടിയായി സംഘാടകരുടെയും ഉദയ്പൂരിലെ മുസ്‌ലിം പൗരപ്രമുഖരുടെയും പ്രത്യേക യോഗം വിളിച്ചിരുന്നു

Update: 2022-07-01 10:55 GMT
Editor : Shaheer | By : Web Desk
Advertising

ജയ്പൂർ: ഉദയ്പൂർ കൊലയ്ക്കു പിന്നാലെ സംഘർഷാവസ്ഥ നിലനിൽക്കുന്ന നഗരത്തിൽ ഇന്ന് രഥയാത്ര നടക്കും. കർഫ്യൂ നിലനിൽക്കെയാണ് പൊലീസ് സംരക്ഷണത്തിൽ തന്നെ വാർഷിക പരിപാടിയായ ജഗന്നാഥ രഥയാത്ര മുടക്കമില്ലാതെ നടക്കുന്നത്. അതേസമയം, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരങ്ങൾക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നമസ്‌കാരം പള്ളിക്കു പകരം വീടുകളിൽ നിർവഹിക്കാനാണ് പൊലീസ് നിർദേശിച്ചിരിക്കുന്നത്.

ഉദയ്പൂരിൽ നാലിൽ കൂടുതൽ പേർ കൂട്ടംകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് ബന്ധവും നഗരത്തിൽ വിച്ഛേദിച്ചിട്ടുണ്ട്. എന്നാൽ, പള്ളികളുടെ അടക്കം സമീപത്തുകൂടെ കടന്നുപോകുന്ന രഥയാത്രാ പാതയിൽ കർഫ്യൂവിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. റാലി കടന്നുപോയാൽ ഇവിടങ്ങളിൽ വീണ്ടും നിയന്ത്രണം കടുപ്പിക്കുമെന്നാണ് പൊലീസ് പറയുന്നത്.

വൈകീട്ട് മൂന്നിനാണ് രഥയാത്ര ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 1,500 പൊലീസ് ഉദ്യോഗസ്ഥരെയും എട്ട് ഐ.പി.എസ് ഓഫീസർമാരെയും റാലിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ റാലി നിയന്ത്രിക്കാൻ 800 സന്നദ്ധപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. നഗരത്തിലെ മുസ്‌ലിം പൗരപ്രമുഖരെയും രഥയാത്രാ സംഘാടകരെയും വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗവും നടന്നിരുന്നു.

അതേസമയം, കനയ്യലാലിന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിലെ ഗൂഢാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാജസ്ഥാൻ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് പ്രാദേശിക കോടതിയിൽ ഹാജരാക്കി.

Summary: Jagannath Rath Yatra to be held as per schedule in Udaipur amidst communal tensions

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News