ഗ്യാന്‍വാപി മസ്ജിദില്‍ ഐക്യദാര്‍ഢ്യവുമായി ജമാഅത്തെ ഇസ്‍ലാമി നേതാക്കള്‍

മസ്ജിദ് പൂജക്ക് വേണ്ടി തുറന്നുകൊടുക്കാനുള്ള കോടതി വിധി നിയമലംഘനമാണെന്ന് ടി.ആരിഫലി

Update: 2024-02-04 17:59 GMT

ന്യൂഡല്‍ഹി: കോടതി ഉത്തരവിനെ തുടർന്ന് പൂജ തുടങ്ങിയ വാരാണസി ഗ്യാൻവാപി മസ്ജിദിലെത്തി ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേന്ദ്ര നേതാക്കൾ നിയമ പോരാട്ടം നടത്തുന്ന മസ്ജിദ് കമ്മിറ്റിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലിയുടെ നേതൃത്വത്തിൽ മുജ്തബ ഫാറൂഖ്, മൗലാന ശാഫി മദനി, ദേശീയ സെക്രട്ടറി മൗലാന റസീഉൽ ഇസ്‍ലാം നദ്‍വി, ജമാഅത്തെ ഇസ്‍ലാമി ഉത്തർപ്രദേശ് ഈസ്റ്റ് പ്രസിഡന്റ് മാലിക് ഫൈസൽ ഫലാഹി എന്നിവരടങ്ങുന്ന പ്രതിനിധി സംഘം മസ്ജിദ് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് അഹ്മദ് യാസീനുമായി കൂടിക്കാഴ്ച നടത്തി.

Advertising
Advertising

മസ്ജിദ് പൂജക്ക് വേണ്ടി തുറന്നുകൊടുക്കാനുള്ള കോടതി വിധി നിയമലംഘനവും 1991ലെ ആരാധാനലയ സംരക്ഷണ നിയമത്തിനെതിരെയുള്ളതും കോടതിലക്ഷ്യവും ആണെന്ന് ടി. ആരിഫലി പറഞ്ഞു. ബാരിക്കേഡുകൾ മാറ്റാനുള്ള യാതൊരു കീഴ്ക്കോടതി വിധികളും ഉണ്ടാകുരുതെന്ന സുപ്രീംകോടതി നിർദേശമുണ്ട്. കോടതിയും ഉദ്യോഗസ്ഥരും ചെയ്തത് തെറ്റായ കാര്യമാണ്. പെട്ടെന്ന് ഒരു തെറ്റുതിരുത്തൽ നടപടി കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു. മസ്ജിദ് കമ്മറ്റിക്ക് മതേതര സമൂഹത്തിന്റെ, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്‍ലിം വിഭാഗത്തിന്റെ പിന്തുണയുണ്ടാകുമെന്നും ജമാഅത്തെ ഇസ്‍ലാമിയുടെ പ്ര​ത്യേക ശ്രദ്ധയുണ്ടാകുമെന്നും നേതാക്കൾ ഭാരവാഹികളോട് പറഞ്ഞു.

വിഷയത്തിൽ മുസ്‍ലിം യുവാക്കളും ബഹുജനവും ഏറെധൈര്യത്തിലാണെന്നും ഒരു തരത്തിലുള്ള നിരാശയും അവരെ ബാധിച്ചിട്ടില്ലെന്നും സയ്യിദ് അഹ്മദ് യാസീൻ ജമാഅത്ത് സംഘത്തോട് പറഞ്ഞു. മസ്ജിദ് കമ്മിറ്റി സൂക്ഷ്മത പാലിച്ചാണ് ഒരോ നീക്കവും നടത്തുന്നത്. ശക്തമായ നിയമ പോരാട്ടം വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News