അമൃതസറിലെ 'പാഡ് വുമണ്‍'; സിദ്ദുവിനെ തറപറ്റിച്ച ആപ്പിന്‍റെ പെണ്‍പുലി

അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍ വന്‍ഭൂരിപക്ഷത്തിനാണ് കൗർ സിദ്ദുവിനെ പരാജയപ്പെടുത്തിയത്

Update: 2022-03-10 15:37 GMT

നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയോട് അമ്പേ പരാജയപ്പെട്ട കോൺഗ്രസിന്‍റെ വൻ താരനിരകളെല്ലാം തകർന്നടിയുന്ന കാഴ്ചയാണ് പഞ്ചാബിൽ ഇന്ന് കണ്ടത്. മുഖ്യമന്ത്രി ചരൺ ജീത് സിങ് ഛന്നിയും പാർട്ടി അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദുവുമൊന്നും പഞ്ചാബില്‍ നിലം തൊട്ടില്ല. മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നിയെ തോൽപ്പിച്ചത് ഒരു മൊബൈൽ റിപ്പയിംഗ് ഷോപ്പിലെ ജോലിക്കാരനായ ലാഭ് സിങ്ങായിരുന്നെങ്കില്‍‌  സിദ്ദുവിനെ തോൽപ്പിക്കാൻ ആം.ആദ്മി പാർട്ടി ഏൽപ്പിച്ചത് അമൃതസറിൽ 'പാഡ് വുമൺ' എന്ന പേരിൽ പ്രസിദ്ധയായ ജീവൻ ജ്യോത് കൗറിനെയാണ്. സിദ്ദുവിനെ കൂടാതെ ശിരോമണി അകാലിദളിന്റെ ശക്തനായ സ്ഥാനാർഥി വിക്രം സിങ് മജീദിയയെ കൂടെയാണ് കൗർ തറപറ്റിച്ചത്.

Advertising
Advertising

അമൃതസറിലെ 'പാഡ് വുമണ്‍'

 ആംആദ്മി പാർട്ടിയുടെ അമൃത്‌സർ ജില്ലാ പ്രസിഡന്‍റായ ജീവൻ ജ്യോത് കൗര്‍  ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയാണ് അമൃതസറില്‍ പ്രസിദ്ധയാവുന്നത്.  അങ്ങനെയാണ് 'പാഡ് വുമൺ' എന്ന പേര് കൗറിന് ലഭിക്കുന്നത്.  പരിസ്ഥിതി സൗഹാർദ സാനിറ്ററി നാപ്കിൻ വിതരണമടക്കം സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കൗര്‍. സാനിറ്ററി പാഡുകളെക്കുറിച്ച അവബോധവും പുനരുപയോഗിക്കാവുന്ന പാഡുകളുടെ വിതരണവും നടത്തുന്ന ഷി സൊസൈറ്റി എന്ന സംഘടനയുടെ ചെയർപേഴ്‌സണ്‍ കൂടെയാണിവര്‍. 

പഞ്ചാബിലെ അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍  39,679 വോട്ടുകളാണ് കൗർ നേടിയത്. ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൗർ സിദ്ദുവിനെ പരാജയപ്പെടുത്തിയത്. തന്‍റെ വിജയം ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ കൗർ പഞ്ചാബിനെ കൊള്ളയടിച്ച പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികൾക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം എന്ന് കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധിയായിക്കൊണ്ട് തന്നെ തന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് കൗർ പറഞ്ഞു..

പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്‍റെ രാജ്യത്തെ  ഏറ്റവും സുരക്ഷിത കോട്ടയായിരുന്ന പഞ്ചാബില്‍ കനത്ത പരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. 2017 ല്‍ അധികാരത്തിലേറിയതു മുതല്‍ തുടങ്ങിയ നേതാക്കളുടെ പോര് തന്നെയാണ് തോല്‍വിയിലേക്ക് വഴിവെച്ചത്. പി.സി.സി പ്രസിഡന്‍ഡ് നവ്ജ്യോത് സിംഗ് സിദ്ദുവും അന്നത്തെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദറും തമ്മിലുടലെടുത്ത പടലപ്പിണക്കം പാര്‍ട്ടിയുടെ ശക്തി ചോര്‍ത്തി. 92 സീറ്റുകള്‍ നേടി ആംആദ്മി വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയപ്പോള്‍ ആകെ 18 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News