ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിക്കെതിരെ ട്വീറ്റിട്ടതിന്

അസം പൊലീസാണ് അറസ്റ്റ് ചെയ്തത്

Update: 2022-04-21 04:51 GMT
Advertising

അഹമ്മദാബാദ്: എം.എല്‍.എയും ദലിത് ആക്റ്റിവിസ്റ്റുമായ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ഇട്ടതിന്‍റെ പേരില്‍. അസം പൊലീസാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30ഓടെ പാലൻപുർ സർക്യൂട്ട് ഹൗസിൽ നിന്നാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്.

ഐടി ആക്റ്റിലെ സെക്ഷന്‍ 66, സെക്ഷന്‍ 153 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എക്കെതിരെ കേസെടുത്തത്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും എം.എല്‍.എയ്ക്ക് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് അസം ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ ആനന്ദ് യാജ്ഞിക് പറഞ്ഞു. 

'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദത്തിനും അഭ്യർഥിക്കണം' എന്ന ട്വീറ്റിന്‍റെ പേരിലാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസം സ്വദേശിയായ അനൂപ് കുമാർ ദേ ആണ് പരാതി നൽകിയത്. എഫ്‌ഐആറിന്റെ പകർപ്പ് പൊലീസ് നൽകിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. പരാതിക്ക് ആധാരമായ ജിഗ്നേഷിന്റെ ട്വീറ്റുകൾ ട്വിറ്റർ തടഞ്ഞിട്ടുണ്ട്.

ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എല്‍.എ ആണ് ജിഗ്നേഷ് മേവാനി. സ്വതന്ത്ര എം.എല്‍.എ ആയി വിജയിച്ച അദ്ദേഹം കോണ്‍ഗ്രസിനെ പിന്തുണച്ചു. വ്യക്തമായ കാരണം പറയാതെയാണ് അസം പൊലീസ് ഇന്നലെ ജിഗ്നേഷിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. മേവാനിയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) വക്താവ് മനീഷ് ദോഷി പറഞ്ഞു.

"മേവാനി ഒരു എം‌.എൽ‌.എയാണ്. സമാധാനത്തിനായി പ്രധാനമന്ത്രി അഭ്യർത്ഥിക്കണമെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവെച്ചത്. പ്രധാനമന്ത്രി ലോകത്തിലെ മറ്റെവിടെയെങ്കിലുമുള്ള സംഭവങ്ങളില്‍ സമാനമായ അഭ്യർത്ഥനകൾ നടത്തുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് അദ്ദേഹത്തിന് സ്വന്തം സംസ്ഥാനത്തിന് വേണ്ടി അത് ചെയ്തുകൂടാ? ഇത് വിയോജിപ്പിന്റെ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണ്. ഇത് അപകടകരമായ പ്രവണതയാണ്. പ്രതിപക്ഷത്താണെന്നതു കൊണ്ടുമാത്രം മേവാനിയെ ഒരു തീവ്രവാദിയെ പോലെയാണ് കൊണ്ടുപോയത്. പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിച്ച സമയത്താണ് ഇത് സംഭവിച്ചത്"- മനീഷ് ദോഷി പറഞ്ഞു. ജിഗ്നേഷിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ ഇന്നു ഡൽഹിയിൽ പ്രതിഷേധിക്കും. 

Summary- Assam police late on Wednesday night took custody of Vadgam MLA and Dalit leader Jignesh Mevani, reportedly over a couple of tweets on Prime Minister Narendra Modi

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News