'പിഎംഎൽഎ കേസിലും ജഡ്ജി നിയമനത്തിലും കേന്ദ്രാനുകൂല നിലപാടെടുത്തു'; ഡി.വൈ ചന്ദ്രചൂഡിനെതിരെ സുപ്രിംകോടതി മുൻ ജസ്റ്റിസിൻ്റെ വെളിപ്പെടുത്തൽ
കേസുമായി മുന്നോട്ട് പോകരുതെന്നും മുന്നോട്ടുപോകുകയാണെങ്കിൽ 'മധ്യനിലപാട്' അവലംബിച്ചാൽ മതിയെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചെന്ന് ജസ്റ്റിസ് കൗൾ വെളിപ്പെടുത്തി
ഡൽഹി: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സുപ്രിംകോടതി മുൻ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) ചില പ്രധാന വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിൽ 'മധ്യനിലപാട്' സ്വീകരിച്ചാൽ മതിയെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി ജസ്റ്റിസ് കൗൾ വ്യക്തമാക്കി. തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകമായ വിത്തൗട്ട് ഫിയര്‍ ഓര് ഫേവര്‍ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസിനെതിരെ അദ്ദേഹം തുറന്നടിച്ചത്.
പിഎംഎൽഎ കേസുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജികൾ പരിഗണിച്ചിരുന്നത് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു. കേസ് പരിഗണിക്കുന്നതിന് മുൻപ് ചീഫ് ജസ്റ്റിസ് തന്നെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നതായി ജസ്റ്റിസ് കൗൾ ഓർമിച്ചു. ബെഞ്ചിലെ മൂന്നാമത്തെ അംഗമായ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ആ സമയത്ത് ചേംബറിൽ സന്നിഹിതനായിരുന്നു.
കേസുമായി മുന്നോട്ട് പോകരുതെന്നും അഥവാ മുന്നോട്ടുപോകുകയാണെങ്കിൽ തന്നെ ഒരു 'മധ്യമാർഗം' അവലംബിച്ചാൽ മതിയെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദേശം തള്ളിയ ജസ്റ്റിസ് കൗൾ, ഹരജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. ഇത്തരം ഒരു നിലപാട് തന്റെ സത്യസന്ധതയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തുമെന്നതിനാലാണ് വാദം കേൾക്കലുമായി മുന്നോട്ടുപോയതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ജുഡീഷ്യൽ ജീവിതത്തിൽ ഒരിക്കലും ഒരു മധ്യമാർഗം സ്വീകരിച്ചിട്ടില്ലെന്നും ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ചുനിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വിരമിക്കൽ വരെ ഈ കേസ് നീട്ടിക്കൊണ്ടുപോകാനാണ് കേന്ദ്രസർക്കാർ ആഗ്രഹിച്ചതെന്ന് ജസ്റ്റിസ് കൗൾ ആരോപിച്ചു. കേസ് മാറ്റിവെക്കാൻ നിരന്തരം ശ്രമങ്ങളുണ്ടായി. ഒടുവിൽ താൻ വിരമിക്കുന്നതിന് തൊട്ടുമുമ്പ് അന്നത്തെ ബെഞ്ച് പിരിച്ചുവിടുകയാണ് ഉണ്ടായതെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു.
അറസ്റ്റിനും പരിശോധനയ്ക്കും പിടിച്ചെടുക്കലിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരം നല്‍കുകയും ജാമ്യത്തിന് കര്‍ശനമായ രണ്ട് വ്യവസ്ഥകളും ഉള്‍പ്പെടുന്ന പിഎംഎല്‍എയിലെ വ്യവസ്ഥകള്‍ 2022ല്‍ വിജയ് മദന്‍ലാല്‍ ചൗധരി കേസില്‍ സുപ്രിംകോടതി ശരിവെച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്നത്.
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് തന്റെ ബെഞ്ചിലുണ്ടായിരുന്ന കേസും ചീഫ് ജസ്റ്റിസ് ഇടപെട്ട് മാറ്റിയതായി ജസ്റ്റിസ് കൗൾ വെളിപ്പെടുത്തി. ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്നത് തടയാൻ കൃത്യമായ സമയപരിധി നിശ്ചയിച്ച് കേന്ദ്രസർക്കാരിനുമേൽ സമ്മർദം ചെലുത്താനായിരുന്നു താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, സർക്കാരിനെതിരെ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് ഭയന്ന ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആ കേസ് തന്റെ ബെഞ്ചിൽ നിന്ന് മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് അന്ന് വലിയ സമ്മർദത്തിലായിരുന്നിരിക്കാം എന്നും ജസ്റ്റിസ് കൗൾ അഭിപ്രായപ്പെട്ടു.