ബിൽക്കീസ് ബാനു കേസ് സിനിമയാക്കാൻ തയാർ; പക്ഷേ..; കങ്കണ പറയുന്നു

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ നടപടി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു

Update: 2024-01-09 11:23 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ബിൽക്കീസ് ബാനു കേസ് സിനിമയാക്കാൻ തയ്യാറാണെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇതിനായി മൂന്നു വര്‍ഷം ഗവേഷണം ചെയ്‌തെന്നും തിരക്കഥ റെഡിയാണെന്നും അവർ പറഞ്ഞു. എന്നാൽ സിനിമാ നിർമാണ സ്ഥാപനങ്ങൾക്ക് ഇത്തരം രാഷ്ട്രീയ സിനിമകളിൽ താത്പര്യമില്ലെന്ന് കങ്കണ കുറ്റപ്പെടുത്തി. എക്‌സിൽ ഒരാൾക്ക് നൽകിയ മറുപടിയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാ ശാക്തീകരണത്തെ പിന്തുണയ്ക്കുന്ന ഒരാളെന്ന നിലയിൽ ബിൽക്കീസ് ബാനുവിനെ കുറിച്ച് ഒരു സിനിമയ്ക്ക് താത്പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. 'ആ സ്‌റ്റോറി എനിക്ക് ചെയ്യണമെന്നുണ്ട്. തിരിക്കഥയും തയ്യാറാണ്. മൂന്നു വർഷമായി അതിൽ ഗവേഷണം ചെയ്യുന്നു. എന്നാൽ രാഷ്ട്രീയം നിറഞ്ഞ സിനിമകളിൽ തങ്ങൾക്ക് കൃത്യമായ മാർഗനിർദേശമുണ്ട് എന്നാണ് നെറ്റ്ഫ്‌ളിക്‌സും ആമസോണും മറ്റു സ്റ്റുഡിയോകളും മറുപടി നൽകിയത്. ബിജെപിയെ പിന്തുണയ്ക്കുന്നത് കൊണ്ട് കങ്കണയുമായി സഹകരിക്കില്ലെന്ന് ജിയോ സിനിമ പറഞ്ഞു. സീ ഒരു ലയനത്തിലേക്ക് പോകുകയാണ്. എന്റെ മുമ്പിലുള്ള വഴികൾ മറ്റെന്തെല്ലാമാണ്?' - എന്നാണ് നടി മറുപടി നൽകിയത്. 




ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്റെ നടപടി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അഞ്ചു മാസം ഗർഭിണിയായിരിക്കെ 11 പേരാണ് ബിൽക്കിസിനെ പീഡിപ്പിച്ചത്. മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ബിൽക്കിസിന്റെ കുടുംബത്തിലെ ഏഴു പേരെ പ്രതികൾ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 11 പ്രതികൾക്കും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി 2022 ആഗസ്തിൽ എല്ലാവരെയും മോചിപ്പിച്ചു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് വെറുതെ വിട്ട നടപടിയെ സുപ്രിംകോടതി ചോദ്യം ചെയ്തതും എല്ലാ പ്രതികളോടും രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ ആവശ്യപ്പെട്ടതും. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News