ഹരിയാനയിൽ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; കർണിസേന തലവൻ സൂരജ് പാൽ അമു പാർട്ടി വിട്ടു

'പദ്മാവത്' ചിത്രം വിവാദത്തിലൂടെ വാർത്തകളിൽ നിറഞ്ഞ സൂരജ് നിലവിൽ ഹരിയാന ബി.ജെ.പി വക്താവാണ്

Update: 2024-05-10 11:58 GMT
Editor : Shaheer | By : Web Desk
Advertising

ഗുരുഗ്രാം: ഹരിയാനയിലെ ബി.ജെ.പി വക്താവും കർണിസേന തലവനുമായ സൂരജ് പാൽ അമു പാർട്ടി വിട്ടു. കേന്ദ്രമന്ത്രി പർഷോത്തം രൂപാലയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കാണ് സൂരജ് പാൽ രാജിക്കത്ത് നല്‍കിയത്. ഹരിയാനയിൽ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി സർക്കാർ പ്രതിസന്ധിയിലായതിനു പിന്നാലെയാണു പുതിയ വാര്‍ത്ത വരുന്നത്.

2018ൽ 'പദ്മാവത്' ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെയാണ് സൂരജ് പാൽ അമുവും കർണിസേനയും വാർത്തകളിൽ ഇടംനേടുന്നത്. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച രൺവീർ സിങ്ങിനും ദീപിക പദുക്കോണിനുമെതിരെ വധഭീഷണി മുഴക്കിയിരുന്നു സൂരജ്. ദീപികയുടെ തലയെടുക്കുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ക്ഷത്രിയ രജപുത്ര സമുദായത്തിനും സ്ത്രീകൾക്കുമെതിരെ ലജ്ജാവഹമായ പരാമർശങ്ങൾ നടത്തിയ രൂപാലയെ ഗുജറാത്തിലെ രാജ്‌കോട്ടിൽ വീണ്ടും സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാകില്ലെന്നാണു സൂരജ് രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയത്. 2018ലും ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സുരാജ് രാജിവച്ചിരുന്നു. പദ്മാവത് ചിത്രത്തിനെതിരെ പരാതിയുമായി എത്തിയ കർണിസേന പ്രവർത്തകരെ കാണാൻ അന്ന് ഹരിയാന മുഖ്യന്ത്രി മനോഹർലാൽ ഖട്ടാർ കാണാൻ കൂട്ടാക്കിയിരുന്നില്ല. ഇതു തങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞായിരുന്നു രാജി. എന്നാൽ, രാജി പാർട്ടി നേതൃത്വം അംഗീകരിച്ചിരുന്നില്ല.

1990 മുതൽ ബി.ജെ.പിയിൽ സജീവമാണ് സൂരജ് പാൽ അമു. 1990-91 കാലത്ത് ഹരിയാനയിലെ സോന ഡിവിഷനിൽ ബി.ജെ.പി യുവമോർച്ച അധ്യക്ഷനായിരുന്നു. 1993 മുതൽ 1996 വരെ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായി. നേരത്തെ ബി.ജെ.പി ഹരിയാന ഘടകം ചീഫ് മീഡിയ കോഡിനേറ്ററായിരുന്നു. 2018 മുതൽ സംസ്ഥാന വക്താവായി പ്രവർത്തിച്ചുവരികയാണ്.

അതിനിടെ, ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുന്ന ജനനായക് ജനതാ പാർട്ടി(ജെ.ജെ.പി) അധ്യക്ഷൻ ദുഷ്യന്ത് ചൗത്താല ഗവർണർ ബന്ദാരു ദത്താത്രേയക്ക് കത്തയച്ചിട്ടുണ്ട്. സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതിനു പിന്നാലെ പ്രതിസന്ധിയിലായ ബി.ജെ.പി സർക്കാരിനെ കൂടുതൽ വെട്ടിലാക്കുന്നതാണ് ജെ.ജെ.പിയുടെ പുതിയ നീക്കം. ഏഴ് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് നയാബ് സിങ് സൈനി സർക്കാർ ഭരണം നടത്തിയിരുന്നത്. ഇതിൽ സോംബീർ സാങ്വാൻ, രൺധീർ സിങ് ഗൊല്ലെൻ, ധരംപാൽ ഗോണ്ടർ എന്നിവരാണ് ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് പാളയത്തിലെത്തിയത്.

അതേസമയം, ജെ.ജെ.പിയുടെ മൂന്ന് എം.എൽ.എമാർ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർലാൽ ഖട്ടാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൂടുമാറ്റത്തിനു നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. പാർട്ടി എം.എൽ.എമാരെ റാഞ്ചാൻ ബി.ജെ.പി നീക്കം നടത്തുന്നതായി ജെ.ജെ.പി ഭയക്കുന്നുണ്ട്. ഖട്ടാറുമായി പാർട്ടി എം.എൽ.എമാർ ചർച്ച നടത്തിയതായുള്ള വാർത്ത ജെ.ജെ.പി നേതാവ് മഹിപാൽ ദണ്ഡ നിഷേധിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ മൂന്ന് എം.എൽ.എമാർക്ക് നേതൃത്വം കാരണംകാണിക്കൽ നോട്ടിസ് അയച്ചതായും റിപ്പോർട്ട് വരുന്നുണ്ട്. തൊഹാന എം.എൽ.എ ദേവേന്ദർ ബബ്ലി, നർവാണയിൽനിന്നുള്ള രാംനിവാസ് സുർജാഖേര, ബർവാലയിലെ ജോഗി രാം സിഹാഗ് എന്നിവർക്കെതിരെയാണ് ജെ.ജെ.പി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് ആവശ്യവുമായി പാർട്ടി അധ്യക്ഷൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

90 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 40 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 31ഉം ജെ.ജെ.പിക്ക് 10ഉം എം.എൽ.എമാരുണ്ട്. ബി.ജെ.പി സർക്കാരിനു പിന്തുണ പിൻവലിച്ചവർ ഉൾപ്പെടെ ഏഴ് സ്വതന്ത്ര അംഗങ്ങളും ഹരിയാന നിയമസഭയിലുണ്ട്.

Summary: Karni Sena president Suraj Pal Amu resigns from BJP

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News