കൊൽക്കത്ത ബലാത്സംഗക്കൊല: സമരം ഭാഗികമായി അവസാനിപ്പിച്ച് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ

ശനിയാഴ്ച മുതൽ അത്യാഹിത വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കും

Update: 2024-09-19 17:38 GMT

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചിരുന്ന ബംഗാളിലെ ജൂനിയർ ഡോക്ടർമാർ സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്ച മുതൽ അത്യാഹിത വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം. അതേസമയം മറ്റു വിഭാഗങ്ങളിൽ ജോലി ചെയ്യാൻ ഇവർ തയാറാവില്ല. നാളെ ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് സിബിഐ ഓഫീസിലേക്ക് ഡോക്ടർമാരുടെ നേതൃത്വത്തിൽ മാർച്ച് നടത്തും.

ഇതോടെ ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ ധർണ അവസാനിപ്പിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. അതേസമയം ആർജി കാർ മെഡിക്കൽ കോളേജിന് മുന്നിലെ സമരം തുടരുമെന്നും അവർ അറിയിച്ചു. ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ ബംഗാൾ സർക്കാർ അംഗീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമരം ഭാഗികമായി അവസാനിപ്പിക്കാൻ തീരുമാനമായത്.

Advertising
Advertising

ആർജി കർ മെഡിക്കൽ കോളജിലെ ട്രെയിനി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. സമരക്കാരുടെ ആവശ്യപ്രകാരം കൊൽക്കത്ത പോലിസ് കമ്മിഷണർ വിനീത് ഗോയലിനെയും ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെയും സർക്കാർ നീക്കം ചെയ്തിരുന്നു.

ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കിയിരുന്നു. പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലാണ് സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കിയത്. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സന്ദീപ് ഘോഷ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതായി സിബിഐ പറഞ്ഞിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചതായും മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയെന്നും സിബിഐ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ആഗസ്റ്റ് ഒമ്പതിന് വനിതാ ഡോക്ടർ കൊല്ലപ്പെട്ട ദിവസം താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സന്ദീപ് ഘോഷ് ഫോണിൽ സംസാരിച്ചതിന് തെളിവുകൾ സിബിഐക്ക് ലഭിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും തെളിവുകൾ നശിപ്പിച്ചതിനും ഇയാളെ സിബിഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ താല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലിനെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ, സന്ദീപ് ഘോഷിൻ്റെയും മൂന്ന് കൂട്ടാളികളുടെയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഒരേസമയമാണ് വീടുകളിൽ റെയ്ഡ് നടത്തിയത്. ബെലിയാഘട്ടയിലെ ഘോഷിൻ്റെ വസതിയിലും ഹൗറയിലെയും സുഭാഷ്ഗ്രാമിലെയും രണ്ട് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇയാൾക്കെതിരെ ഡോക്ടറുടെ കുടുംബവും സുഹൃത്തുക്കളും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News