വ്യോമസേനയ്ക്ക് വീര്യം; ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകൾ ഇന്ന് മുതൽ

പത്ത് ഹെലികോപ്ടറുകളാണ് ആദ്യ ബാച്ചിൽ വ്യോമസേനയ്ക്കൊപ്പം ചേരുന്നത്.

Update: 2022-10-03 08:21 GMT

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി മിസൈലുകളും മറ്റ് ആയുധങ്ങളും പ്രയോഗിക്കാൻ കഴിവുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകൾ. ഇന്ത്യയിൽ തദ്ദേശീയമായ നിർമിച്ച ഈ പ്രതിരോധ ഹെലികോപ്ടറുകൾ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ് വ്യോമസേനയ്ക്ക് കൈമാറി. 'പ്രചന്ദ്' എന്ന് പേരിട്ട ഹെലികോപ്ടറുകൾ ജോധ്പൂർ എയർബേസിൽ വച്ചാണ് വ്യോമസേനയ്ക്കു കൈമാറിയത്.

എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഹെലികോപ്ടറുകളെ വ്യോമസേനയുടെ ഭാ​ഗമാക്കിയത്. പ്രതിരോധ സംവിധാന നിർമാണത്തിൽ ഇന്ത്യയുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന സുപ്രധാന സന്ദർഭമാണിതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഈ ഹെലികോപ്ടറുകള്‍ വ്യോമസേനയുടെ പോരാട്ട വീര്യത്തിന് വലിയ ഉത്തേജനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ഇതുവരെ എൽ.സി.എച്ച് എന്ന് വിളിച്ചിരുന്ന ഹെലികോപ്ടറിന്റെ പേരാണ് 'പ്രചന്ദ്' എന്ന് മാറ്റിയത്. പത്ത് ഹെലികോപ്ടറുകളാണ് ആദ്യ ബാച്ചിൽ വ്യോമസേനയ്ക്കൊപ്പം ചേരുന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ (എൽ.സി.എച്ച്) ഉയർന്ന പ്രദേശങ്ങളിലെ വിന്യാസത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

എച്ച്.എ.എല്‍ പറയുന്നതനുസരിച്ച്, 5,000 മീറ്റര്‍ (16400 അടി) ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്ടറിനാകും. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകള്‍ക്ക് എല്ലാ കാലാവസ്ഥയിലും പോരാടാനുള്ള കഴിവുണ്ട്.

ഇന്ത്യൻ സൈന്യത്തിലും വ്യോമസേനയിലും ആക്രമണ രം​ഗത്ത് സുപ്രധാന പങ്കുവഹിക്കുന്നവയാവും എൽ.സി.എച്ച് എന്നാണ് വിലയിരുത്തൽ. 5.8 ടൺ ഭാരമുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ ഇതിനകം വിവിധ ആയുധങ്ങളുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

3,887 കോടി രൂപ ചെലവിൽ തദ്ദേശീയമായി വികസിപ്പിച്ച 15 എൽ.സി.എച്ച് വാങ്ങുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി മാർച്ചിലാണ് അംഗീകാരം നൽകിയത്. ഇതിൽ 10 എണ്ണം വ്യോമസേനയ്ക്കും 5 എണ്ണം കരസേനയ്ക്കുമാണ്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News