മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവം; പ്രധാന പ്രതിയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു

കേസിൽ നാല് പേരാണ് ഇപ്പോൾ അറസ്റ്റിലായത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

Update: 2023-07-21 06:15 GMT
Editor : Lissy P | By : Web Desk
Advertising

ഇംഫാൽ: മണിപ്പൂരിൽ ജനക്കൂട്ടം നഗ്‌നരാക്കി നടത്തിയ സംഭവത്തിൽ പ്രധാനപ്രതിയുടെ വീട് കത്തിച്ചു. 32 കാരനായ ഹ്യൂറെം ഹെറോദാസ് മെയ്‌റ്റെയുടെ വീടാണ് വ്യാഴാഴ്ച പ്രതിഷേധക്കാർ കത്തിച്ചത്. തൗബാൽ ജില്ലയിൽ നിന്നാണ് ഹെറാദാസിനെ പിടികൂടിയത്. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്

മെയ് നാലിനാണ് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സംഭവത്തെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നു. സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കേസിൽ നാല് പേരാണ് ഇപ്പോൾ അറസ്റ്റിലായത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. 

 സംഭവത്തിൽ ഇരയാക്കപ്പെട്ട ഒരാൾ സൈനികന്റെ ഭാര്യയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി പൊരുതിയ സൈനികന്റെ ഭാര്യയാണ് അപമാനിക്കപ്പെട്ടത്. പരാതി നൽകിയപ്പോൾ പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്ന് സൈനികൻ ആരോപിച്ചു.

അതേസമയം, കുകി യുവതികളെ നഗ്‌നരാക്കിയ സംഭവത്തിൽ മണിപ്പൂരിൽ പ്രതിഷേധം ശക്തമാകുകയാണ്. സംഘർഷം വ്യാപിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് സായുധസേനകൾക്കും പൊലീസിനും കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിനെതിരെ അക്രമത്തിനിരയായ യുവതി രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിന് അവസരം ഒരുക്കിയത് പൊലീസാണെന്ന് യുവതി ആരോപിച്ചു. മണിപ്പൂർ സംഘർഷത്തെ കുറിച്ച് ആഭ്യ ന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകും. 




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News