യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹപദ്ധതിയുടെ മറവിൽ വൻ തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥനടക്കം 15 പേർ അറസ്റ്റിൽ

സ്ത്രീകൾ സ്വയം വരണമാല്യം അണിയുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്

Update: 2024-02-04 05:04 GMT
Editor : Lissy P | By : Web Desk
Advertising

ബാലിയ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹവിവാഹ പദ്ധതിയുടെ മറവിൽ നടത്തിയ തട്ടിപ്പിൽ 15 പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ രണ്ടുപേർ സർക്കാർ ഉദ്യോഗസ്ഥരാണ്. സംഭവത്തിൽ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫിസർക്കും വിവാഹത്തിനെത്തിയ എട്ട് 'വധു'മാര്‍ക്കെതിരെയും നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹ വിവാഹം നടന്നത്. ചടങ്ങിൽ ഏകദേശം 568 ദമ്പതികൾ വിവാഹിതരായെന്നാണ് കണക്കുകൾ . എന്നാൽ വിവാഹചടങ്ങിനിടെ വരന്മാരില്ലാതെ സ്ത്രീകൾ സ്വയം മാലയിടുന്നതും താലികെട്ടുന്നതുമായുള്ള വീഡിയോ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. വധൂ വരന്മാരായി അഭിനയിക്കാൻ പലർക്കും പണം നൽകിയതായി പിന്നീട് കണ്ടെത്തുകയും ചെയ്തു.

വധൂവരന്മാരായി വേഷമിടാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ചില സ്ത്രീകൾക്ക് വരന്മാരില്ലായിരുന്നു. അവർ തന്നെയാണ് താലിയിട്ടത്. ചടങ്ങ് കാണാനെത്തിയ 19 കാരനെയും പണം നൽകി സ്റ്റേജിൽ വരനായി ഇരുത്തിയെന്നും ആരോപണം ഉയർന്നിരുന്നു. നേരത്തെ വിവാഹം കഴിച്ചവരും സമൂഹവിവാഹത്തിൽ വീണ്ടും വിവാഹിതരാകാൻ എത്തിയിരുന്നെന്നും പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സമൂഹവിവാഹത്തിലെ മുഖ്യാതിഥി ബിജെപി എംഎൽഎ കേത്കി സിംഗ് ആയിരുന്നു. നിർധന കുടുംബാംഗങ്ങളുടെ വിവാഹത്തിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമൂഹവിവാഹ പദ്ധതി രൂപവത്കരിച്ചത്. പദ്ധതിപ്രകാരം 51,000 സർക്കാർ വധൂവരന്മാർക്ക് നൽകും. ഇതിൽ 35,000 പെൺകുട്ടിക്കും 10,000 വിവാഹ സാമഗ്രികൾ വാങ്ങുന്നതിനുമാണ് നൽകുക.6,000 രൂപ വിവാഹ ചടങ്ങ് നടത്താനുമായി നൽകും.

സമൂഹവിവാഹചടങ്ങിന് ശേഷം പണം കൈമാറുന്നതിന് തൊട്ടുമുമ്പാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ അധികൃതർ നിയോഗിക്കുകയും ചെയ്തു. പൂർണ്ണമായ അന്വേഷണം നടക്കുന്നത് വരെ ഗുണഭോക്താക്കൾക്ക് ഒരു ആനുകൂല്യവും കൈമാറില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News