ഷൂട്ടിങ്ങിന് പോയ കന്നഡ നടിയെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി; മകളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഭീഷണി

ചൈത്രയുടെ സഹോദരി ലീല ആർ പൊലീസിൽ പരാതി നൽകി

Update: 2025-12-17 02:16 GMT
Editor : Jaisy Thomas | By : Web Desk

ബംഗളൂരു: കര്‍ണാടകയിൽ സിനിമ,സീരിയൽ നടി ചൈത്ര ആറിനെ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയതായി പരാതി. മകളുടെ കസ്റ്റഡിയെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം. ചൈത്രയുടെ സഹോദരി ലീല ആർ പൊലീസിൽ പരാതി നൽകി.

ഭർത്താവ് ഹർഷവർധൻ, ചലച്ചിത്ര നിർമാതാവും വർധൻ എന്റർപ്രൈസസിന്റെ ഉടമയുമാണ്. 2023ലാണ് ഇവരുടെ വിവാഹം നടന്നത്. ഏകദേശം എട്ട് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. നടി ഒരു വയസ്സുള്ള മകളോടൊപ്പം മഗാഡി റോഡിലെ വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹാസനിലാണ്. വിവാഹമോചനത്തിന് ശേഷവും നടി അഭിനയം തുടര്‍ന്നിരുന്നു.

Advertising
Advertising

ഡിസംബർ 7 ന്, താൻ മൈസൂരുവിലേക്ക് ഒരു ഷൂട്ടിങ്ങിനായി പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, ഇത് ഭർത്താവ് ഹർഷവർദ്ധൻ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നുവെന്നാണ് പരാതി. ഇതിനായി ഹർഷവർധന്‍റെ സഹായി കൗശികിന് 20,000 രൂപ അഡ്വാൻസായി നൽകിയതായും പരാതിയിൽ പറയുന്നു. മറ്റൊരു ആളുടെ സഹായത്തോടെ ചൈത്രയെ മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാറിൽ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

രാവിലെ 10.30 ഓടെ, ചൈത്ര തന്റെ സുഹൃത്തായ ഗിരീഷിനെ അറിയിക്കുകയും അയാൾ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് ഉടൻ തന്നെ കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഹർഷവർധൻ ചൈത്രയുടെ അമ്മ സിദ്ധമ്മയെ വിളിച്ച് തട്ടിക്കൊണ്ടുപോയ കാര്യം സമ്മതിച്ചു. തന്റെ കുഞ്ഞിനെ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ മാത്രമേ ചൈത്രയെ വിട്ടയക്കൂ എന്നാണ് ഹർഷവർധൻ ആവശ്യപ്പെട്ടത്.

പിന്നീട്, മറ്റൊരു ബന്ധുവിനെ വിളിച്ച് കുട്ടിയെ അർസിക്കെരെയിൽ എത്തിക്കാൻ ആവശ്യപ്പെടുകയും, ചൈത്രയെ സുരക്ഷിതമായി വിട്ടയക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്നാണ്, ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചത്. ചൈത്രയുടെ സഹോദരി ലീലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News