വോട്ടിങ് മെഷീൻ നിലത്തെറിഞ്ഞ് തകർക്കുന്ന ദൃശ്യങ്ങൾ വൈറലായി; ആന്ധ്ര എം.എൽ.എക്കെതിരെ അന്വേഷണം ആരംഭിച്ച് തെര.കമ്മീഷൻ

വീഡിയോകൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായും അന്വേഷണം നടത്താൻ ഉത്തരവിട്ടതായും കമ്മീഷൻ അറിയിച്ചു

Update: 2024-05-22 06:37 GMT
Editor : Lissy P | By : Web Desk

ഹൈദരാബാദ്: പോളിങ് ബൂത്തിലെത്തി വോട്ടിങ് യന്ത്രം നശിച്ചിപ്പ ആന്ധ്രാപ്രദേശ് എംഎൽഎ പി.രാമകൃഷ്ണ റെഡ്ഡിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇ.വി.എം നശിച്ച സംഭവം ഗൗരവമായി കാണുന്നുവെന്നും എം.എൽ.എക്കെതിരെ അന്വേഷണം ആരംഭിച്ചതായും ചീഫ് ഇലക്ടറൽ ഓഫീസർ മുകേഷ് കുമാർ മീണ അറിയിച്ചു.

മെയ് 13 ന് നടന്ന തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ എംഎൽഎ പി.രാമകൃഷ്ണ റെഡ്ഡി ഇവിഎം മെഷീൻ നിലത്തെറിഞ്ഞ് തകർത്തത്. ഇതിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന്റെ വീഡിയോകൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായും അന്വേഷണം നടത്താൻ ഉത്തരവിട്ടതായും കമ്മീഷൻ അറിയിച്ചു.മച്ചാർള മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനിലാണ് എം.എൽ.എ ഇ.വി.എം തകർത്തത്. പരിവാരങ്ങളുമായി എത്തിയ എം.എൽ.എ ഇവിഎം നിലത്തെറിഞ്ഞ് തകർക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ എം.എല്‍.എയുടെ കൂട്ടത്തിലൊരാള്‍ പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥനെ അടിക്കുന്നതും വീഡിയോയിലുണ്ട്.

Advertising
Advertising

തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടി എംഎൽഎ ഇവിഎമ്മുകൾ നശിപ്പിച്ചതെന്ന്  പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് ആരോപിച്ചു. എം.എൽ.എ ഇവിഎം തകർക്കുന്ന വീഡിയോ സോഷ്യൽമീഡിയയായ എക്‌സിൽ പങ്കുവെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

ആന്ധ്രാപ്രദേശിലെ 25 ലോക്സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കും മെയ് 13 നായിരുന്നു വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്തിന്റെ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News