ജനങ്ങളുടെ തൊഴിലിന് നരേന്ദ്ര മോദി സർക്കാർ ഭീഷണിയെന്ന് രാഹുൽ ഗാന്ധി

സിഎംഐഇ നടത്തിയ പഠനത്തിൽ തൊഴിലില്ലായ്മ നിരക്ക് ആഗസ്തിൽ 8.32 ആയി വർധിച്ചതായി കണ്ടെത്തിയിരുന്നു

Update: 2021-09-03 09:49 GMT
Advertising

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ തൊഴിലിന് നരേന്ദ്ര മോദി സർക്കാർ ഭീഷണിയാണെന്ന് രാഹുൽ ഗാന്ധി എംപി. കഴിഞ്ഞ ജൂലൈയെ അപേക്ഷിച്ച് ആഗസ്തിൽ 15 ലക്ഷം തൊഴിലവസരം കുറഞ്ഞെന്ന കണക്കുകളോട് ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സൗഹൃദ രഹിത' ബിസിനസുകളെയും തൊഴിൽ ദായകരെയും മോദി സർക്കാർ പ്രോത്‌സാഹിപ്പിക്കില്ല. തൊഴിലുള്ളവരുടേത് നഷ്ടപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ് അവർ. രാജ്യത്തെ ജനങ്ങളിൽ നിന്ന് സ്വയം പര്യാപ്തതയാണ് പ്രതീക്ഷിക്കുന്നത്. പൊതുജന താൽപര്യാർഥം പ്രസിദ്ധീകരിക്കുന്നതാണ് ഇതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ചില വ്യവസായികളോട് മാത്രം മമത കാണിക്കുന്ന രാജ്യത്തെ ചങ്ങാത്ത മുതലാളിത്തത്തിന്റെയും സ്ഥിരം വിമർശകനാണ് രാഹുൽ. കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച നാഷനൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈനടക്കമുള്ള മോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങളെ രാഹുൽ കർശനമായി വിമർശിച്ചിരുന്നു.

ഗവേഷണ സ്ഥാപനമായ സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എകണോമി പ്രൈവറ്റ് ലിമിറ്റഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗസ്തിലെ തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനമാണ്. ജൂലൈയിലെ നിരക്ക് 6.96 ശതമാനമായിരുന്നു.

സാമ്പത്തിക വളർച്ച കുറഞ്ഞതാണ് തൊഴിലവസരം കുറയാൻ കാരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 24.4 ശതമാനമായിരുന്ന മൊത്തം ആഭ്യന്തര ഉത്പാദനം 2021-22 കാലയളവിലെ സമാന പാദത്തിൽ 20.1 ശതമാനമായിട്ടുണ്ട്.

ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ രാജ്യത്തെ എട്ടു ജില്ലകളിൽ തൊഴിലില്ലായ്മ നിരക്ക് ഇരട്ടയക്കം കടന്നിട്ടുണ്ട്. ഹരിയാനയിൽ 35.7 ശതമാനമാണ് തൊഴിലില്ലായ്മ.

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നത് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന ഭയം രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വർഷം രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ സർക്കാറിന്റെ നയങ്ങൾ കാരണം സാമ്പത്തിക രംഗം തകരുകയും നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയുമാണ് ചെയ്തത്. നരേന്ദ്ര മോദി സർക്കാർ കാരണം 14 കോടി ജനങ്ങൾ തൊഴിൽ രഹിതരായെന്നും രാജ്യത്തെ യുവതക്ക് ജോലി നൽകാൻ ഇന്ത്യക്ക് കഴിയില്ലെന്നതാണ് സത്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News