'മകൻ ഹിന്ദു യുവതിയുമായി ഒളിച്ചോടി'; വയോധികരായ മുസ്‌ലിം ദമ്പതികളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

അക്രമികള്‍ വടിയും ദണ്ഡുമായി വീട് ആക്രമിച്ച് വയോധികരായ ദമ്പതികളെ ക്രൂരമായി മർദിച്ചു കൊല്ലുകയായിരുന്നു

Update: 2023-08-20 10:23 GMT
Editor : Shaheer | By : Web Desk

കൊല്ലപ്പെട്ട കമറുല്‍ നിഷ, അബ്ബാസ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ വയോധികരായ മുസ്‌ലിം ദമ്പതികളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സിതാപൂർ ജില്ലയിലെ ഹർഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രാജിപൂരിലാണു സംഭവം. അബ്ബാസ്(50), ഭാര്യ കമറുൽ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ഷൗക്കത്ത് അയൽഗ്രാമത്തിലെ ഹിന്ദു യുവതിയുമായി ഒളിച്ചോടിയതിനുള്ള പ്രതികാരമായാണു കൊലപാതകമെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച വൈകീട്ടാണു ക്രൂരമായ സംഭവം നടന്നത്. അക്രമികള്‍ വടിയും ദണ്ഡുകളുമായി അബ്ബാസിന്റെ വീട് ആക്രമിക്കുകയായിരുന്നു. വീടിനകത്തു കയറിയ സംഘം ഇരുവരെയും ക്രൂരമായി മർദിച്ചു. തൽക്ഷണം തന്നെ ദമ്പതികൾ മരിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നാലെ പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. രണ്ടുപേർ ഒളിവിലാണ്.

Advertising
Advertising

2020ലാണ് ഷൗക്കത്ത് തൊട്ടടുത്ത ഗ്രാമത്തിലെ രാംപാൽ എന്നയാളുടെ മകളുമായി പ്രണയത്തിലാകുകയും ഒളിച്ചോടുകയും ചെയ്തത്. ഈ സമയത്ത് പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പെൺകുട്ടിയുമായി ഒളിച്ചോടി. ഇതോടെ രക്ഷിതാക്കളുടെ പരാതിയിൽ യുവാവിനെ വീണ്ടും അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്കുമുൻപ് ഷൗക്ക് വീണ്ടും പുറത്തിറങ്ങിയതോടെയാണ് കുടുംബത്തിലെ ഒരു സംഘം വീട് ആക്രമിക്കാൻ പദ്ധതിയിട്ടതെന്ന് സിതാപൂർ എസ്.പി ചക്രേഷ് മിശ്ര പറഞ്ഞു.

അഞ്ചംഗ സംഘമാണു ദമ്പതികളെ ആക്രമിച്ചു കൊന്നതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ പ്രതികളായ ശൈലേന്ദ്ര ജെയ്‌സ്വാൾ, പല്ലു ജെയ്‌സ്വാൾ, അമർനാഥ് ജെയ്‌സ്വാൾ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേർ ഒളിവിലാണ്. ഹർഗാവ് പൊലീസ് ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Summary: Muslim couple beaten to death in UP's Sitapur after their son elopes with girl from Hindu family

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News