നീറ്റ് പരീക്ഷാർഥിയെ മാസങ്ങളോളം ബന്ദിയാക്കി പീഡിപ്പിച്ചു; യുപിയിൽ രണ്ട് അധ്യാപകർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്

Update: 2024-11-10 05:07 GMT

കാൺപൂർ: ഉത്തർ പ്രദേശിൽ നീറ്റ് പരീക്ഷാർഥിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത രണ്ട് അധ്യാപകർ അറസ്റ്റിൽ. കാൺപൂരിലെ കോച്ചിങ് സെന്ററിലെ അധ്യാപകരായ സഹിൽ സിദ്ദിഖി (32), വികാസ് പോർവാൾ (39) എന്നിവരാണ് അറസ്റ്റിലായത്. 2022 ജനുവരിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇ​രയാകുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല.

മറ്റൊരു വിദ്യാർത്ഥിനിയെ ഇതേ അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുകയും അധ്യാപകൻ അറസ്റ്റിലാവുകയും ചെയ്തതിന് പിന്നാലെയാണ് ബന്ദിയാക്കി പീഡിപ്പിച്ചുവെന്ന പരാതിയുമായി വിദ്യാർത്ഥിനി രംഗത്തെത്തിയത്. ബ്ലാക്ക് മെയിൽ ചെയ്താണ് വിദ്യാർത്ഥിനിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കിയത്.

Advertising
Advertising

നീറ്റ് പരീക്ഷാ പരിശീലനത്തിനാണ് വിദ്യാർത്ഥി കാൺപൂരിലെ സെന്ററിൽ ജോയിൻ ചെയ്തത്. അതിനിടയിൽ അധ്യാപകനായ സാഹിൽ സിദ്ദിഖി വീട്ടിൽ നടത്തുന്ന പാർട്ടിയിലേക്ക് വിദ്യാർത്ഥിനിയെ ക്ഷണിച്ചു. എല്ലാ വിദ്യാർത്ഥികളെയും ക്ഷണിച്ചിട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫ്ലാറ്റിലെത്തിയപ്പോഴാണ് പെൺകുട്ടി തനിച്ചാണെന്ന് തിരിച്ചറിഞ്ഞത്. മദ്യപിച്ചെത്തിയ സിദ്ദിഖി തന്നെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തതായും പെൺകുട്ടി ആരോപിച്ചു. വീഡിയോ പരസ്യമാക്കുമെന്നും തന്റെ കുടുംബത്തെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി പല അവസരങ്ങളിലും തന്നെ ബലാത്സംഗം ചെയ്തതായും പെൺകുട്ടി ​പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റിൽ ബന്ദിയാക്കിവെക്കുകയും പാർട്ടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്തു. അത്തരമൊരു പാർട്ടിക്കിടെയാണ് മറ്റൊരു അധ്യാപകനായ വികാസ് പോർവാളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. അവധി ദിവസം വീട്ടിലേക്ക് പോയ തന്നെ വിളിച്ച് സിദ്ദിഖി തിരികെ വരാൻ ആവശ്യപ്പെടുകയും അനുസരിച്ചില്ലെങ്കിൽ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാർത്ഥിനി പറഞ്ഞു.

മറ്റൊരു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്ന സിദ്ദിഖിയുടെ വീഡിയോ അടുത്തിടെ വൈറലാവുകയും അറസ്റ്റിലാവുകയും ചെയ്തതോടെയാണ് പെൺകുട്ടിക്കും പരാതി നൽകാൻ ധൈര്യം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പരാതിക്ക് പിന്നാലെ രണ്ട് അധ്യാപകരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. 

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News