ജമ്മുകശ്മീരിനും ജാർഖണ്ഡിനും പുതിയ അദ്ധ്യക്ഷന്മാർ: മാറ്റങ്ങളുമായി കോൺഗ്രസ്‌

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേരെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

Update: 2024-08-17 06:59 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജമ്മു കശ്മീരിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാർഖണ്ഡിലും പുതിയ സംസ്ഥാന പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 

താരിഖ് ഹമീദ് കർര, കേശവ് മഹ്തോ കമലേഷ് എന്നിവരാണ് ജമ്മു കശ്മീരിലെയും ജാര്‍ഖണ്ഡിലേയും പുതിയ സംസ്ഥാന പ്രസിഡന്റുമാര്‍. വികാർ റസൂൽ വാനിയുടെ പകരക്കാരനായാണ് കർര വരുന്നത്. രാജേഷ് താക്കൂറിൽ നിന്നാണ് കമലേഷ് ചുമതലയേൽക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രീനഗറില്‍ നിന്നും കര്‍റ വിജയിച്ചിരുന്നു.

അന്ന് പി.ഡി.പിയിലായിരുന്നു അദ്ദേഹം. പുറമെ ജമ്മു കശ്മീരിന് രണ്ട് വർക്കിങ് പ്രസിഡൻ്റുമാരെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു . താരാ ചന്ദ്, രാമൻ ഭല്ല എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. സെപ്തംബർ 18 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീരിലെ വോട്ടെടുപ്പ്.

Advertising
Advertising

2014 നവംബറില്‍ നടന്നതിന് ശേഷം ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. അതേസമയം സ്ഥാനമൊഴിഞ്ഞ വാനിയെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവായും ഖാർഗെ നിയമിച്ചു.

അതേസമയം ഈ വർഷം തന്നെ തെരഞ്ഞെടുപ്പ് നടക്കാനുള്ള മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേരെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ബാലാസാഹേബ് തോറാട്ടിനെ അംഗമായും മുഹമ്മദ് ആരിഫ് നസീം ഖാനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്റായി സയ്യിദ് മുസാഫർ ഹുസൈനെയും കോൺഗ്രസ് അധ്യക്ഷൻ നിയമിച്ചു. മഹാരാഷ്ട്രയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News