'സ്വിസ് ബാങ്കുകളിലെ കള്ളപ്പണത്തിന്റെ കണക്കറിയില്ല'; തുറന്നുസമ്മതിച്ച് കേന്ദ്ര സർക്കാർ

കോൺഗ്രസ് എംപി വിൻസെന്റ് എച്ച് പാലായാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്. വിദേശത്തുനിന്ന് കള്ളപ്പണം തിരിച്ചുപിടിക്കാൻ സർക്കാർ എന്തു ചെയ്തുവെന്നും എംപി ചോദിച്ചു

Update: 2021-07-26 17:48 GMT
Editor : Shaheer | By : Web Desk
Advertising

സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തിന്റെ ഔദ്യോഗികമായ കണക്ക് അറിയില്ലെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. പാർലമെന്റിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടെ തുറന്നുസമ്മതം.

ദീർഘനാളത്തെ ഇടവേളയ്ക്കുശേഷമാണ് കള്ളപ്പണം വീണ്ടും പാർലമെന്റിൽ ചർച്ചയാകുന്നത്. കോൺഗ്രസ് എംപി വിൻസെന്റ് എച്ച് പാലായാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യയിൽനിന്ന് സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടത്. വിദേശത്തുനിന്ന് കള്ളപ്പണം തിരിച്ചുപിടിക്കാൻ സർക്കാർ എന്തൊക്കെ നടപടികളെടുത്തുവെന്നും എംപി ചോദിച്ചു. കള്ളപ്പണവുമായി ബന്ധപ്പെട്ട് എത്രപേരെ അറസ്റ്റ് ചെയ്തു, എത്രപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു, എത്ര കള്ളപ്പണം ഇന്ത്യയിൽ തിരികെയെത്തിക്കാനാകും, ആരുടെയൊക്കെ നിക്ഷേപമാണുള്ളത് എന്നു തുടങ്ങി പാർലമെന്റിനെ ചൂടുപിടിപ്പിക്കുന്ന തരത്തിലുള്ള ചോദ്യശരങ്ങൾ തന്നെയാണ് വിൻസെന്റ് എച്ച് പാലാ കേന്ദ്രത്തിനു മുൻപിൽ നിരത്തിയത്.

എന്നാൽ, കഴിഞ്ഞ പത്തുവർഷത്തിനിടെ സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്ക് കേന്ദ്രത്തിന്റെ കൈയിലില്ലെന്ന് മന്ത്രി പങ്കച് ചൗധരി പ്രതികരിച്ചു. അതേസമയം, വിദേശബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചെത്തിക്കാൻ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അറിയിച്ചു. കള്ളപ്പണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അമേരിക്ക അടക്കമുള്ള വിവിധ വിദേശ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ കരാറുകളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News