മഹാരാഷ്ട്രയിലും ഒമിക്രോൺ; ആശങ്ക

ദക്ഷിണാഫ്രിക്കയിൽ നിന്നു മുംബൈയിൽ തിരിച്ചെത്തിയ ആൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്

Update: 2021-12-04 14:27 GMT
Editor : Dibin Gopan | By : Web Desk
Advertising

രാജ്യത്ത് വീണ്ടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നു മുംബൈയിൽ തിരിച്ചെത്തിയ ആൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്വെയിൽ നിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനും കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്‌തെറ്റിസ്റ്റായ ഡോക്ടർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ഒമിക്രോൺ ഭീതി ഉയർന്നിരിക്കെ കോവിഡ് വ്യാപനം തടയണമെന്ന് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾക്കും ജമ്മുകശ്മീരിനും കേന്ദ്ര സർക്കാറിന്റെ കത്ത്. കോവിഡ് വ്യാപനം തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കത്തെഴുതിയത്. കേരളം, തമിഴ്നാട്, ഒഡിഷ, കർണാടക മിസോറാം എന്നീ സംസ്ഥാനങ്ങൾക്കും ജമ്മുകശ്മീരിനുമാണ് കത്ത്. ഇവിടങ്ങളിൽ കോവിഡ് കേസുകളും മരണസംഖ്യയും വർധിക്കുന്നതിൽ ആശങ്കയും ഒമിക്രോൺ വകഭേദത്തിന്റെ ഗൗരവവും കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചു.

ഹൈറിസ്‌ക് രാജ്യങ്ങളിൽനിന്നടക്കം വിദേശത്ത് നിന്ന് എത്തുന്നവരെ കർശനമായി പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ പറഞ്ഞു. ഹോട്സ്പോട്ടുകളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കാനും കോവിഡ് രോഗികളുടെ എല്ലാ സാംപിളുകളും ജെനോം സ്വീകൻസിങ്ങിന് അയക്കാനും ആവശ്യപ്പെട്ടു. കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ കേന്ദ്രം ആശങ്ക അറിയിച്ചു. നവംബർ 19 നും 25 നുമിടയിൽ 12 മരണം നടന്ന തൃശ്ശൂരിൽ തൊട്ടടുത്ത ആഴ്ച 128 മരണങ്ങൾ ഉണ്ടായതും അതേകാലയളവിൽ 70 മരണം നടന്ന മലപ്പുറത്ത് അടുത്തയാഴ്ച 109 ആയതും കേന്ദ്രം ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ നവംബർ 26 നും ഡിസംബർ രണ്ടിനും ഇടയിൽ 727 ശതമാനം വർധനവാണ് കോവിഡ് കേസുകളിലുണ്ടായത്.

കർണാടകയിലെ തുംകൂർ ജില്ലയിൽ 152 ശതമാനവും തമിഴ്നാട്ടിലെ മൂന്നു ജില്ലകളിൽ വലിയളവിലും കേസുകളുണ്ടായി. മിസോറാമിലെ നാലു ജില്ലകളിലും വർധനവുണ്ടായി - സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ മേയ് മുതൽ രാജ്യത്തെ മൊത്തം കേസുകൾ കുറഞ്ഞിട്ടുണ്ട്. നിത്യേന നാലു ലക്ഷം വരെയൊക്കെ ഉയർന്ന കോവിഡ് രോഗബാധ ഇപ്പോൾ ഒരു ലക്ഷത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വാക്സിനേഷൻ നൽകിയതു വഴിയടക്കം നേടിയെടുത്ത ഈ നേട്ടം ഒമിക്രോൺ കണ്ടെത്തിയ പശ്ചാത്തലത്തിൽ നിലനിർത്താൻ നന്നായി പരിശ്രമിക്കേണ്ടിവരും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News