​ഗുജറാത്തിൽ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് സ്വദേശി പിടിയിൽ

അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) ആണ് ഇയാളെ പിടികൂടിയത്.

Update: 2022-12-27 14:21 GMT

അഹമ്മദാബാദ്: ​ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാകിസ്താൻ സ്വദേശി പിടിയിൽ. ​ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ നാദാബെറ്റ് അതിർത്തി അനധികൃതമായി കടക്കാൻ ശ്രമിച്ച ആളാണ് പിടിയിലായത്.

അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) ആണ് ഇയാളെ പിടികൂടിയത്. പാകിസ്താനിലെ ന​ഗർപർകറിലെ പുൻവ സ്വദേശിയായ ഇയാളുടെ പേരു വിവരങ്ങൾ ബി.എസ്.എഫ് പുറത്തുവിട്ടിട്ടില്ല.

അന്താരാഷ്ട്ര അതിർത്തി കടന്ന് ഒരു പാകിസ്താൻ പൗരൻ ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് ബി.എസ്.എഫ് സൈനികരുടെ കണ്ണിൽപ്പെടുകയും പിടികൂടുകയുമായിരുന്നെന്ന് സേന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Advertising
Advertising

ബനസ്‌കന്ത ജില്ലയിലെ നാദാബെറ്റ് അതിർത്തിക്ക് സമീപം അതിർത്തി വേലി കടക്കാൻ ശ്രമിക്കുന്നതിടെയാണ് ഇയാളെ പിടികൂടിയതെന്ന് ബിഎസ്എഫ് അറിയിച്ചു.

കഴിഞ്ഞയാഴ്ച, യുഎസ്-മെക്സിക്കോ അതിർത്തി മതിൽ അനധികൃതമായി ചാടിക്കടക്കാൻ ശ്രമിക്കവെ ഇന്ത്യക്കാരൻ വീണ് മരിച്ചിരുന്നു. ​ഗുജറാത്ത് ​ഗാന്ധിന​ഗർ ജില്ലയിലെ കലോലിലെ താമസക്കാരനായ ബ്രിജ്കുമാർ യാദവാണ് മരിച്ചത്.

ട്രംപ് മതിൽ എന്നറിയപ്പെടുന്ന 30 അടി ഉയരമുള്ള മതിൽ ചാടി അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കവെയാണ് അപകടം.

ഇദ്ദേഹത്തോടൊപ്പം ഭാര്യയും മൂന്ന് വയസായ മകനുമുണ്ടായിരുന്നു.

വീഴ്ചയിൽ ഇരുവർക്കും ​ഗുരുതരമായി പരിക്കേറ്റു. ​ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ കലോൽ യൂണിറ്റിലെ ജീവനക്കാരനാണ് ബ്രിജ്കുമാർ.

മൂന്ന് പേരും വലിയ ഉയരത്തിൽ നിന്ന് വീണുവെന്നാണ് റിപ്പോർട്ടുകൾ. യാദവിന്റെ ഭാര്യ ഭിത്തിയുടെ യു.എസ് ഭാഗത്തേക്ക് വീണപ്പോൾ മകൻ മെക്സിക്കോ ഭാഗത്തേക്കാണ് വീണത്.

ഈ വർഷം ജനുവരിയിൽ കലോലിലെ ഡിങ്കുച ഗ്രാമത്തിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേർ അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ യു.എസ്- കാനഡ അതിർത്തിയിൽ അതിശൈത്യം മൂലം മരിച്ചിരുന്നു.

മാർച്ചിൽ, കാനഡയിൽ നിന്ന് യു.എസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാനഡ അതിർത്തിയോട് ചേർന്നുള്ള സെന്റ് റെജിസ് നദിയിൽ ബോട്ട് മുങ്ങിയതോടെ ഗുജറാത്തിൽ നിന്നുള്ള ആറ് യുവാക്കൾ യു.എസ് അതിർത്തി സേനയുടെ പിടിയിലായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News