മീഡിയവൺ വിലക്കിൽ പാർലമെന്‍റ് ഐ.ടി സമിതി വിശദീകരണം തേടി

മീഡിയവൺ വിലക്ക് പ്രതിപക്ഷം ലോക്സഭയിൽ ഉന്നയിച്ചു

Update: 2022-02-02 09:08 GMT
Editor : ijas

മീഡിയവൺ സംപ്രേഷണം വിലക്കിയതിൽ പാർലമെന്‍റ് ഐ.ടി സമിതി കേന്ദ്രവാർത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം ചോദിച്ചു. ഈ മാസം ഒന്‍പതിന് ചേരുന്ന യോഗത്തില്‍ മന്ത്രാലയ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകാന്‍ നിർദേശിച്ചിട്ടുണ്ടെന്ന് സമിതി ചെയർമാന്‍ ശശി തരൂർ മീഡിയവണിനോട് പറഞ്ഞു. വിലക്ക് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാർ ലോക്‍സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

മീഡിയവൺ സംപ്രേഷണ വിലക്കിനു നിയമ പിന്തുണയില്ലെന്നു വ്യക്തമാക്കിയ ശേഷമാണു വാർത്താ വിതരണ മന്ത്രാലയത്തോട് വിശദീകരണം ചോദിച്ച വിവരം ശശി തരൂർ വ്യക്തമാക്കിയത്. ഒൻപതാം തിയ്യതി നടക്കുന്ന സിറ്റിങ്ങിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരണം നൽകണം.

Advertising
Advertising

മീഡിയവൺ സംപ്രേഷണവിലക്ക് സഭാ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ, ഇ ടി മുഹമ്മദ്‌ ബഷീർ, അബ്ദുസമദ് സമദാനി, തമിഴ്നാട് നിന്നുള്ള നവാസ് ഗനി എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഭരണഘടന ഉറപ്പ് വരുത്തുന്ന അവകാശങ്ങൾക്കും സംരക്ഷണത്തിനും എതിരായ നടപടിയെന്ന് നോട്ടീസിൽ വ്യക്തമാക്കി. ചാനലിനോട് വിശദീകരണം ചോദിക്കുകയോ മറുപടി നൽകാൻ സമയം അനുവദിക്കുകയോ ചെയ്യാതെയാണ് മന്ത്രാലയം നടപടിയെടുത്തത്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. മാധ്യമങ്ങളെ നിശബ്ദമാക്കുന്നത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

Full View

വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ടിരുന്നു. കെ. സുധാകരൻ, എ.എം ആരിഫ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, അബ്ദുസ്സമദ് സമദാനി, ടി.എൻ പ്രതാപൻ, അടൂർ പ്രകാശ്, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ അടങ്ങുന്ന എം.പിമാരുടെ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ചാനലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എം.പിമാർ നിവേദനം നൽകി. മീഡിയവൺ സംപ്രേഷണം വിലക്കിയത് കേന്ദ്രത്തിന്‍റെ ഏകപക്ഷീയ നടപടിയാണ്. വിലക്ക് പിൻവലിക്കാൻ കേന്ദ്രമന്ത്രി നേരിട്ടിടപെടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

Summary:Parliamentary IT committee intervenes in MediaOne ban.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News