പെഗാസസ് ഫോൺ ചോർത്തൽ: ശശി തരൂർ അധ്യക്ഷനായ പാർലമെന്‍ററി സമിതി ചർച്ച ചെയ്യും

പാർലമെന്‍റിന്‍റെ ഐടി സമിതി ജൂലൈ 28നാണ് പെഗാസസ് വിഷയം ചർച്ച ചെയ്യുക

Update: 2021-07-21 16:39 GMT
Advertising

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കൂടുതൽ പ്രതിരോധത്തിലായി കേന്ദ്ര സർക്കാർ. ശശി തരൂർ അധ്യക്ഷനായ പാർലമെന്‍റിന്‍റെ ഐടി സമിതി വിഷയം ചർച്ച ചെയ്യും.

പാർലമെന്‍റിന്‍റെ ഐടി സമിതി ജൂലൈ 28നാണ് പെഗാസസ് വിഷയം ചർച്ച ചെയ്യുക. സമിതി അധ്യക്ഷനായ ശശി തരൂർ എംപി പെഗാസസിൽ നേരത്തെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 2017 ജൂലൈയിൽ നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിന് ശേഷമാണ് പെഗാസസ് ഫോൺ ചോർത്തൽ ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് വിമർശിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും നീതിന്യായ വ്യവസ്ഥയെ പിടിച്ചടക്കാനും കേന്ദ്ര സർക്കാർ പെഗാസസ് ഉപയോഗിച്ചു എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം.

എൻഎസ്ഒയുടെ പെഗാസസ് പദ്ധതിക്ക് പണം നൽകിയത് ആരാണെന്ന സത്യം അറിയണമെന്നും മറയ്ക്കാൻ ഒന്നുമില്ലെങ്കിൽ ഇസ്രായേൽ പ്രധാനമന്ത്രിക്ക് മോദി കത്തെഴുതണമെന്നും സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. അതിനിടെ ബിജെപിയെ പ്രതിരോധിച്ച് ഫോൺ ചോർത്തൽ നടന്നിട്ടില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി.

പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രതിരോധത്തിലാവുന്നതിനിടെ പുതിയ വിവരങ്ങൾ പുറത്ത് വരുന്നു. ബി ടി കോട്ടൺ വിത്തുകളുടെ അനധികൃത വിൽപ്പനയിൽ അന്വേഷണം നേരിട്ട മഹാരാഷ്ട്രയിലെ മോൺസാന്റോ ഇന്ത്യ ലിമിറ്റഡിലെ ഉദ്യോഗസ്ഥരുടെ ഫോണുകൾ പെഗാസസ് ചോർത്തിയെന്ന വിവരമാണ് പുറത്തുവന്നത്. 2018ൽ ബിജെപി സർക്കാർ ഈ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിലാണ് ഫോൺ ചോര്‍ത്തിയത്. അസമിൽ നിന്നുള്ള സാമുജ്വൽ ഭട്ടാചാര്യ, അനുപ ചേത്യ എന്നീ നേതാക്കളുടെ ഫോണുകളും പെഗാസസ് ചോർത്തി. പെഗാസസ് ദുരുപയോഗം ചെയ്തതിന് തെളിവുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് നിർമാതാക്കളായ എൻഎസ്ഒ അറിയിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News