'പെട്രോൾവില ലിറ്ററിന് 15 രൂപയാകും'; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

'നിലവിൽ 16 ലക്ഷം കോടി രൂപയാണ് പെട്രോൾ ഇറക്കുമതിക്കായി ചെലവാക്കുന്നത്. ഈ പണമെല്ലാം കർഷകരുടെ വീടുകളിലെത്തും'

Update: 2023-07-05 14:09 GMT
Editor : Shaheer | By : Web Desk
Advertising

ജയ്പ്പൂർ: പെട്രോൾവില 15 രൂപയായി കുറയുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗപ്പെടുത്തി പെട്രോൾ ഉൽപാദിപ്പിക്കുകയാണെങ്കിലാണ് ഇത്തരമൊരു ഘട്ടത്തിലേക്ക് എത്തുകയെന്നാണ് മന്ത്രിയുടെ വിശദീകരണം.

രാജസ്ഥാനിലെ പ്രതാപ്ഗഢിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കർഷകർ അന്നദാതാക്കൾ മാത്രമല്ല, ഊർജദാതാക്കളുമാകണമെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനെന്ന് ഗഡ്ക്കരി പറഞ്ഞു. 'കർഷകർ ഉൽപാദിപ്പിക്കുന്ന എഥനോൾ കൊണ്ട് ഇപ്പോൾ എല്ലാ വാഹനങ്ങളും ഓടും. 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ പെട്രോൾ ലിറ്ററിന് 15 രൂപയ്ക്ക് ലഭ്യമാകും. ഇതിന്റെ ഉപകാരം ജനങ്ങൾക്കു ലഭിക്കും.'-മന്ത്രി ചൂണ്ടിക്കാട്ടി.

ഇതുവഴി (അന്തരീക്ഷ) മലിനീകരണവും (പെട്രോൾ) ഇറക്കുമതിയും കുറയുമെന്നും ഗഡ്കരി പറഞ്ഞു. നിലവിൽ 16 ലക്ഷം കോടി രൂപയാണ് (പെട്രോൾ) ഇറക്കുമതിക്കായി ചെലവിടുന്നത്. ഈ പണമെല്ലാം കർഷകരുടെ വീടുകളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർ ഉൽപാദിപ്പിക്കുന്ന എഥനോൾ കൊണ്ട് ഓടുന്ന പുതിയ കാർ ആഗസ്റ്റോടെ നിരത്തിലിറക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രതാപ്ഗഢിൽ 11 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്കരി. 5,600 കോടി രൂപയാണ് ഇതിനായി കണക്കുകൂട്ടുന്നത്. ദേശീയപാതയിൽ മൃഗങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യം ഒഴിവാക്കാൻ 13 ആനിമൽ അണ്ടർപാസുകൾ നിർമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: 'Petrol Will Be Sold At Rs 15 Per Litre If...': What Nitin Gadkari Suggests On Fuel Economy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News