'മിസ്റ്റർ പ്രൈംമിനിസ്റ്റർ, പ്ലീസ് സ്റ്റാൻഡ് അപ്'; രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിക്കുമ്പോൾ ഇരുന്ന മോദിക്ക് വിമർശം

എല്‍കെ അദ്വാനിക്ക് രാഷ്ട്രപതി എഴുന്നേറ്റു നിന്ന് ഭാരതരത്ന നല്‍കുന്ന വേളയിലാണ് മോദി എണീക്കാതെ കസേരയിലിരുന്നത്

Update: 2024-03-31 10:10 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ബിജെപി നേതാവ് എൽകെ അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഭാരത രത്‌ന സമ്മാനിക്കുമ്പോൾ സീറ്റില്‍ തന്നെയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിമര്‍ശം. ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവില്ലാത്ത പെരുമാറ്റമാണ് പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടായതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ വീഡിയോ പങ്കുവച്ച് വിമര്‍ശനം രേഖപ്പെടുത്തി. ഇന്ത്യൻ പ്രസിഡണ്ട് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി സമ്മാനിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ആദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. 

പ്രായാധിക്യവും അവശതയും കാരണം ഇരുന്നാണ് മുൻ ഉപപ്രധാനമന്ത്രി കൂടിയായ എൽകെ അദ്വാനി ഭാരത രത്‌ന സ്വീകരിച്ചത്. രാഷ്ട്രപതി അദ്വാനിയുടെ അടുത്തേക്ക് ചെന്ന് മെഡൽ അണിയിച്ച് പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു. അദ്വാനിയുടെ ഇടതുവശത്താണ് മോദി ഇരുന്നിരുന്നത്. രാഷ്ട്രപതി എഴുന്നേറ്റു നിന്ന് പുരസ്‌കാരം നൽകുമ്പോൾ കസേരയിൽ തന്നെ  ഇരുന്ന് കൈയടിക്കുകയായിരുന്നു മോദി. 




ഡൽഹിയിൽ സംഘടിപ്പിച്ച ഇൻഡ്യാ മുന്നണിയുടെ റാലിയിലാണ് തേജസ്വി യാദവ് മോദിയുടെ പെരുമാറ്റത്തെ വിമർശിച്ചത്. എണീറ്റു നിന്ന് കുറച്ചെങ്കിലും ബഹുമാനം രാഷ്ട്രപതിക്ക് നൽകൂവെന്നാണ് തേജസ്വി പറഞ്ഞത്.

'ഇന്ന് നമ്മളൊരു ചിത്രം കണ്ടു. രാഷ്ട്രപതി എൽകെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകുന്നു. മോദി അദ്വാനിയുടെ അടുത്താണ് ഇരുന്നത്. രാഷ്ട്രപതി എഴുന്നേറ്റു നിന്ന് പുരസ്‌കാരം നൽകുന്നു. എന്നാൽ മോദി എണീറ്റു നിൽക്കുന്നു പോലുമില്ല. ബിജെപിക്ക് ഭരണഘടനയിൽ വിശ്വാസമില്ലെന്ന് കാണിക്കുന്നതാണിത്.' - തേജസ്വി പറഞ്ഞു. 



അതേസമയം, അദ്വാനിക്കൊപ്പം ജോലി ചെയ്തതിൽ അഭിമാനമുണ്ടെന്ന് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് പ്രധാനമന്ത്രി പറഞ്ഞു. 'എൽകെ അദ്വാനിക്ക് ഭാരത രത്‌ന പുരസ്‌കാരം സമ്മാനിക്കുന്നത് കാണുന്നത് സവിശേഷമാണ്. രാഷ്ട്രപുരോഗതിക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ആദരവും അംഗീകാരവുമാണിത്. പൊതുസേവനത്തിൽ അദ്ദേഹത്തിന്റെ സമർപ്പണവും ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്കും ചരിത്രത്തിൽ മുദ്രണം ചെയ്യപ്പെട്ടതാണ്. കഴിഞ്ഞ ദശാബ്ദങ്ങളിൽ അദ്ദേഹവുമൊന്നിച്ച് ജോലി ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിമാനിതനാണ്' - മോദി കുറിച്ചു. 



ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, അദ്വാനിയുടെ കുടുംബം തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷം അഞ്ചു ഭാരതരത്‌ന പുരസ്‌കാരങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. അന്തരിച്ച മുൻ പ്രധാനമന്ത്രിമാരായ പി.വി നരസിംഹറാവു, ചൗധരി ചരൺസിങ്, കൃഷി ശാസ്ത്രജ്ഞൻ എം.എസ് സ്വാമിനാഥൻ, മുൻ ബിഹാർ മുഖ്യമന്ത്രി കർതാർപൂരി ഠാക്കൂർ എന്നിവർക്കായിരുന്നു പുരസ്‌കാരം. 

Summary: President Droupadi Murmu confers Bharat Ratna upon veteran BJP leader LK Advani at the latter's residence in Delhi. Erupt Controversy on PM Modi's sitting.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News