ഇന്ത്യയിൽ 6,800 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ; കരാറുകളിൽ ഒപ്പുവെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും തമ്മിൽ കരാറുകളിൽ ഒപ്പുവെച്ചു

Update: 2025-08-30 01:56 GMT
Editor : Jaisy Thomas | By : Web Desk

ടോക്കിയോ: ഇന്ത്യയിൽ 6,800 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ. സാങ്കേതിക വിദ്യ, ഡിജിറ്റലൈസേഷൻ, അപൂർവ ഭൗമ ധാതുക്കൾ എന്നീ മേഖലകളിലാണ് നിക്ഷേപം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും തമ്മിൽ കരാറുകളിൽ ഒപ്പുവെച്ചു. യുഎസുമായി തീരുവ തർക്കം നിലനിൽക്കേയാണ് ജപ്പാനുമായുള്ള സഹകരണം ഇന്ത്യ ശക്തമാക്കുന്നത്. അതേസമയം, യുഎസിന്‍റെ താരിഫ് ഭീഷണിയെക്കുറിച്ച് മോദിയോ ഇഷിബയോ നേരിട്ട് പരാമർശങ്ങൾ നടത്തിയില്ല.

സെമി കണ്ടക്ടർ, ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ആധുനിക സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ വിതരണ ശൃംഖല പൂർവസ്ഥിതിയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക സുരക്ഷ ഇനിഷ്യേറ്റീവും ടോക്യോ ഉച്ചകോടിയിൽ മോദിയും ഇഷിബയും ചേർന്ന് പ്രഖ്യാപിച്ചു. സാമ്പത്തിക, വ്യാപാര രംഗത്തെ ഇന്ത്യ-ജപ്പാൻ സഹകരണമായിരുന്നു ഉച്ചകോടിയുടെ കാതൽ.

Advertising
Advertising

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽവേ, ബഹിരാകാശം എന്നീ രംഗത്തും ഇന്ത്യയുമായി സഹകരിക്കുമെന്നും ജപ്പാൻ പ്രധാനമന്ത്രി വ്യക്തമാക്കിഇതുകൂടാതെ തുറമുഖം, വ്യോമഗതാഗതം, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിലും സഹകരിക്കും. ഇരു രാജ്യങ്ങളും പരസ്പരം ഒപ്പിട്ട ആറ് പ്രധാന കരാർ ഇവയാണ്. അടുത്ത പത്തുവർഷത്തിനുള്ളിൽ 6,800 കോടി ഡോളറിന്‍റെ നിക്ഷേപം, ഡിജിറ്റൽ പാർട്ണർഷിപ്പ് 2.0, നിർമിതബുദ്ധി രംഗത്ത് സഹകരണം , പ്രതിരോധം, മാരിടൈം സുരക്ഷാ മേഖലകളിൽ സഹകരണം, ചന്ദ്രയാൻ 5 പദ്ധതിയിൽ ഐഎസ്ആർഒയും ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയും സഹകരിച്ച് പ്രവർത്തിക്കും.

ഹരിത ഊർജ രംഗത്തെ സഹകരണം, മാനവവിഭവശേഷി കൈമാറ്റം എന്നിവയാണ് സുപ്രധാന കരാറുകൾ. ജപ്പാൻ സന്ദർശനത്തിന് ശേഷം നരേന്ദ്ര മോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലേക്ക് പോകും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News