നാല് വോട്ടര്‍ ഐഡിയുണ്ടോ എന്ന് ചോദ്യം; പ്രകാശ് രാജിന്റെ മറുപടി ഇങ്ങനെ
'നാല് വോട്ടര്‍ ഐഡി ഉണ്ടാവാന്‍ ഇതെന്താ ക്രെഡിറ്റ് കാര്‍ഡ് വല്ലതും ആണോ?' എന്നാണ് സംഘ്പരിവാര്‍ വാദത്തെ പരിഹസിച്ചുകൊണ്ട് നടന്‍ ചോദിച്ചത്
കോഴിക്കോട്: നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിനെതിരെ സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ നിരന്തരം പ്രചരിപ്പിക്കുന്ന വാദമാണ് നടന്റെ പേരില്‍ നാല് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ട് എന്നത്. ഏതാനും മാസം മുമ്പ് ഇതുസംബന്ധിച്ച് പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ് വന്നതായും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്താണ് യാഥാര്‍ത്ഥ്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍.
'നാല് വോട്ടര്‍ ഐഡി ഉണ്ടാവാന്‍ ഇതെന്താ ക്രെഡിറ്റ് കാര്‍ഡ് വല്ലതും ആണോ?' എന്നാണ് സംഘ്പരിവാര്‍ വാദത്തെ പരിഹസിച്ചുകൊണ്ട് നടന്‍ ചോദിച്ചത്. തനിക്ക് നാല് വോട്ടര്‍ ഐഡികള്‍ ഇല്ലെന്നും വാട്‌സാപ്പ് സര്‍വ്വകലാശാലയില്‍ നിന്ന് പ്രചരിപ്പിച്ച വാര്‍ത്ത തെറ്റാണെന്നും ഇപ്പോള്‍ എസ്‌ഐആറിലൂടെ തന്റെ പേര് പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയിരിക്കുകയാണെന്നും നടന്‍ പറയുന്നു.
പ്രകാശ് രാജിന്റെ വാക്കുകള്‍...
'2018ല്‍ വാട്‌സ്ആപ്പ് സര്‍വ്വകലാശാല പ്രചരിപ്പിക്കാന്‍ തുടങ്ങി എനിക്ക് നാല് വോട്ടർ ഐഡികള്‍ ഉണ്ടെന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നോട് ചോദിക്കട്ടെ എന്ന് ഞാന്‍ നിലപാടെടുത്തു. 2019ലെ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാന്‍ നിന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. നിങ്ങള്‍ക്ക് നാല് വോട്ടര്‍ ഐഡികള്‍ ഉള്ളതുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, 'ശരി, നിങ്ങള്‍ ചോദിച്ചതുകൊണ്ട് ഞാന്‍ മറുപടി പറയാം. ഞാന്‍ 20 വര്‍ഷം തമിഴ്‌നാട്ടിലായിരുന്നു. അവിടെ ഒരു സ്ഥലത്ത് ഞാന്‍ വോട്ട് ചെയ്തിരുന്നു. പിന്നീട് വോട്ട് നീക്കം ചെയ്യുന്നതിനായി ഞാന്‍ ഫോം 7 പൂരിപ്പിച്ച് നല്‍കി. അതിന്റെ രേഖകള്‍ എന്റെ പക്കലുണ്ട്. ഞാന്‍ എന്റെ പഴയ വോട്ട് നീക്കം ചെയ്ത ശേഷമാണ് ബംഗളൂരുവിലേക്ക് വോട്ട് മാറിയത്. ബാക്കിയുള്ളവയെല്ലാം വ്യാജമാണ്, അതൊന്നും എന്റേതല്ല, നിങ്ങള്‍ക്ക് അന്വേഷിക്കാം.'
അവര്‍ അന്വേഷിച്ചു. എല്ലാം വ്യാജമാണെന്ന് അവര്‍ കണ്ടെത്തി. എന്റെ പേരില്‍ മറ്റാരോ ചെയ്തതാണത്. അതിന് ശേഷം 2025ല്‍ ബിജെപിയുടെ ഒരാള്‍ ഒരു അഭിഭാഷകനെ വെച്ച് സ്വകാര്യ പരാതി നല്‍കി. ഞാന്‍ താമസിച്ചിരുന്ന വിലാസത്തില്‍ ലോക്കല്‍ കോടതിയില്‍ നിന്ന് സമന്‍സ് അയച്ചു. ചില 'വിലക്കെടുക്കപ്പെട്ട മാധ്യമങ്ങള്‍' അടുത്ത ദിവസം തന്നെ ഇത് വാര്‍ത്തയാക്കി. ഇതോടെ ഞാന്‍ എന്റെ വക്കീലിനെ വിളിച്ചു. സുപ്രിംകോടതിയിലെ നല്ലൊരു വക്കീലാണദ്ദേഹം. സമന്‍സ് എവിടെയാണ് അയച്ചതെന്ന് പരിശോധിക്കാന്‍ ഞാന്‍ പറഞ്ഞു. അവര്‍ തെറ്റായ വിലാസത്തിലേക്കാണ് സമന്‍സ് അയച്ചിരുന്നത്. ഞാന്‍ കോടതിയില്‍ പോയി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ എന്റെ ഫോണ്‍ നമ്പറും ഇമെയിലും ഉണ്ടായിരുന്നു. എന്റെ ചെന്നൈയിലെയും ഹൈദരാബാദിലെയും വിലാസങ്ങള്‍ അതിലുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവിടെ സമന്‍സ് അയക്കാതിരുന്നത്? തെറ്റായ വിലാസത്തിലാണ് സമന്‍സ് എത്തിയത്. ഞാന്‍ അത് വാങ്ങി ഹൈക്കോടതിയില്‍ കേസ് കൊടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന് ഞാന്‍ വിവരാവകാശ അപേക്ഷ നല്‍കി. എന്റെ പരാതിക്ക് ശേഷം അവര്‍ എന്ത് നടപടിയാണ് എടുത്തതെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയ ശേഷം, പ്രകാശ് രാജിന് ഇതില്‍ കൂടുതല്‍ വോട്ടര്‍ ഐഡികള്‍ ഇല്ലെന്നും, 2019ല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇപ്പോള്‍ ഹൈക്കോടതി ആ പരാതിക്കാരനെ വിളിപ്പിക്കുന്നുണ്ട്. പക്ഷേ മാധ്യമങ്ങള്‍ ഇന്നും അത് എഴുതില്ല. മാത്രമല്ല, അവര്‍ എന്റെ യഥാര്‍ത്ഥ വോട്ട് പോലും ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നു.
ആരോപണം സത്യമാണെങ്കില്‍ ഞാന്‍ ജയിലില്‍ കിടക്കേണ്ടതല്ലേ? അവര്‍ ഇത് ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കും. നാല് വോട്ടര്‍ ഐഡി ഉണ്ടാകാന്‍ അതെന്താ ക്രെഡിറ്റ് കാര്‍ഡ് ആണോ? അതോ ഞാന്‍ 10,000 രൂപയ്ക്ക് വേണ്ടി നാല് സംസ്ഥാനങ്ങളില്‍ പോയി വോട്ട് ചെയ്യുന്നുണ്ടോ? കുറച്ചെങ്കിലും ബോധം വേണ്ടേ? നാല് വോട്ടുകളെക്കുറിച്ച് സംസാരിക്കുന്ന ഈ മാധ്യമങ്ങള്‍, കോടതി വിളിപ്പിച്ചിട്ട് ഓടിപ്പോകുന്ന ആ പരാതിക്കാരനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല.' -പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.
ബംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് കാണിച്ചായിരുന്നു പരാതി. ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാറാണ് പരാതി നല്‍കിയത്. വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു കോടതി പ്രകാശ് രാജിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍, തെറ്റായ വിലാസത്തിലേക്കാണ് സമന്‍സ് അയച്ചതെന്നാണ് പ്രകാശ് രാജ് വിശദീകരിച്ചിരുന്നത്.