അമൃത്പാൽ സിങിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ്

ഇയാളുടെ ശക്തികേന്ദ്രങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു

Update: 2023-03-19 04:09 GMT
Advertising

ന്യൂഡല്‍ഹി: വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിങിന് വേണ്ടി തെരച്ചിൽ ഊർജിമാക്കി പഞ്ചാബ് പൊലീസ്. അമൃത് പാലിനെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇയാളുടെ ശക്തികേന്ദ്രങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അമൃത്പാൽ സിങിൻറെ അറസ്റ്റിന് പിന്നാലെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് വിഭാഗം പഞ്ചാബ് പൊലീസിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്ക് നീട്ടിയേക്കും.

ജലന്ധറിനും അമൃത്സറിനും പുറമെ സംസ്ഥാനത്തെ മറ്റിടങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സിഖ് ആരാധനാലയങ്ങൾക്കും വാരിസ് പഞ്ചാബ് ദേ ശക്തി കേന്ദ്രങ്ങളിലെ പൊലീസ് സ്റ്റേഷനുകൾക്കും പൊലീസ് കാവൽ ഏർപ്പെടുത്തി. അക്രമ സംഭവങ്ങളിലേക്ക് ജനങ്ങൾ കടക്കരുതെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ അഭ്യർത്ഥിച്ചു. അമൃത്പാലിനെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോർട്ടുകൾ പൊലീസ് ഔദ്യോഗികമായി നിഷേധിക്കുന്നുണ്ടെങ്കിലും അമൃത്പാൽ അറസ്റ്റിൽ തന്നെയാണെന്നും സൂചന ഉണ്ട്.

ജി 20 ഉച്ചകോടി കഴിയുന്നത് വരെ നടപടി ഉണ്ടാകരുത് എന്ന കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് അമൃത്പാൽ സിങിൻറെ അറസ്റ്റ് പഞ്ചാബ് സർക്കാർ വൈകിപ്പിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയിലാണ് അമൃത്പാൽ സിങിനെ പിടികൂടാൻ പദ്ധതി ഒരുക്കിയത്. ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേ പ്രവർത്തകരെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമങ്ങളും തുടരുന്നുണ്ട്. ഇന്നലെ ആരംഭിച്ച പൊലീസ് നടപടിയുടെ ഭാഗമായി ഇരുന്നൂറോളം വാരിസ് പഞ്ചാബ് ദേ പ്രവർത്തകരെ പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News