ഭർതൃപീഡനം; മകളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുവന്ന് അച്ഛൻ

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

Update: 2023-10-25 10:43 GMT
Editor : abs | By : Web Desk

റാഞ്ചി: ഭർതൃവീട്ടുകാരുടെ നിരന്തര പീഡനത്തിന് ഇരയായ മകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന് അച്ഛൻ. 23കാരിയായ ഫാഷൻ ഡിസൈനർ സാക്ഷി ഗുപ്തയ്ക്കാണ് അച്ഛൻ പ്രേം ഗുപ്ത ഗംഭീര സ്വീകരണമൊരുക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സർക്കാർ ഉദ്യോഗസ്ഥനായ സച്ചിൻ കുമാറുമായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് സാക്ഷി വിവാഹിതയായത്. കുറച്ചു കഴിഞ്ഞതോടെ ഭർത്താവുമായി പ്രശ്‌നങ്ങളായി. അതിനിടെ, സാക്ഷി മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് സച്ചിൻ കേസ് ഫയൽ ചെയ്തു. ഇതിന് പിന്നാലെ വിവാഹമോചനം ആവശ്യപ്പെട്ട് സാക്ഷിയും അധികൃതരെ സമീപിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോടതിയിലിരിക്കെയാണ് അച്ഛൻ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. 

Advertising
Advertising



'ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് അവളെ പുതിയ കുടുംബത്തിലേക്ക് അയച്ചത്. സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയില്ല എന്നത് എന്റെ തെറ്റാണ്. അവൾ ഭർതൃവീട്ടിലേക്ക് പോയ പോലെ, ആഘോഷത്തോടെ തിരിച്ചുവരണമെന്ന് എന്റെ ആഗ്രഹമായിരുന്നു.' - പ്രേം ഗുപ്ത പറഞ്ഞു. ക്യാൻസർ ബാധിതനായിരുന്ന ഗുപ്ത ആറു മാസം മുമ്പാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ജീവനൊടുക്കാൻ വരെ ചിന്തിച്ചിരുന്നതായി സാക്ഷി പറയുന്നു. 'ചിലപ്പോൾ മരിക്കുന്നതാണ് നല്ലതെന്ന് തോന്നും. എന്റെ കുടുംബമാണ് ജീവിക്കാനുള്ള പ്രതീക്ഷ നൽകിയത്. ബെല്ല എന്ന എന്റെ നായയും. ബെല്ല എനിക്ക് സ്വന്തം കുഞ്ഞിനെപ്പോലെയാണ്. ഒന്നര മാസം മുമ്പ് പരസ്പരം നൽകിയ കേസുകൾ പിൻവലിക്കാൻ ഭർത്താവുമായി ധാരണയായിട്ടുണ്ട്. നവംബർ-ഡിസംബറിൽ ഞങ്ങൾ വിവാഹമോചിതരാകും.' - അവർ കൂട്ടിച്ചേർത്തു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News