പിടിച്ചെടുത്ത 500 കിലോ കഞ്ചാവ് എലികൾ തിന്നെന്ന് പൊലീസ്; തെളിവുണ്ടോ എന്ന് കോടതി

60 ലക്ഷത്തോളം വിലവരുന്ന കഞ്ചാവായിരുന്നു രണ്ടു പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്നത്

Update: 2022-11-24 10:05 GMT
Editor : Lissy P | By : Web Desk
Advertising

മഥുര: സ്റ്റേഷനുകളിൽ സൂക്ഷിച്ച കഞ്ചാവ് എലിതിന്നെന്ന് പൊലീസ് കോടതിയിൽ. ഒരു പൊതി കഞ്ചാവാണ് എലി തിന്നതെന്ന് കരുതിയാൽ തെറ്റി. പിടിച്ചെടുത്ത 500 കിലോ കഞ്ചാവ് എലി തിന്നെന്നാണ് പൊലീസിന്റെ വാദം. ഉത്തർ പ്രദേശിലെ മധുരയിലെ മഥുര ജില്ലയിലെ ഹൈവേ, ഷെർഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികൾ തിന്നതെന്നാണ് പൊലീസ് മഥുര കോടതിയിൽ അറിയിച്ചിരിക്കുന്നത്.

ഈ വർഷം ആദ്യമാണ് മഥുരയിലെ കോടതി സിറ്റി പൊലീസിനോട് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ ഹാജരാക്കാൻ കോടതിയോട് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്നാണ് പൊലീസ് കോടതിയിൽ ഈ വിചിത്രവാദം ഉന്നയിച്ചത്.

പൊലീസ് സ്റ്റേഷനുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത് 60 ലക്ഷത്തോളം വിലവരുന്ന കഞ്ചാവായിരുന്നു. രണ്ട് വ്യത്യസ്ത കേസുകളിലായാണ് 386, 195 കിലോ കഞ്ചാവ് ഷെർഗഡ്, ഹൈവേ പൊലീസ് സ്റ്റേഷനുകൾ പിടിച്ചെടുത്തത്. 'പിടിച്ചെടുത്ത സാധനങ്ങൾ എലികളിൽ നിന്ന് രക്ഷിക്കാൻ പൊലീസ് സ്റ്റേഷനിൽ സ്ഥലമില്ല. അവശേഷിച്ച കഞ്ചാവ് ഉദ്യോഗസ്ഥർ നശിപ്പിച്ചെന്നും പൊലീസ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. എലികൾക്ക് പൊലീസിനെ പേടിയില്ലെന്നും എലിശല്യം പരിഹരിക്കുന്നതിന് പൊലീസുകാർ വിദഗ്ധരായി കണക്കാനാവില്ലെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

എന്നാൽ കോടതി രൂക്ഷമായാണ് പൊലീസിന്റെ അവകാശവാദത്തോട് പ്രതികരിച്ചത്. എലികളാണ് കഞ്ചാവ് നശിപ്പിച്ചതെന്ന് തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമെ സ്റ്റേഷനിലെ എലികളെ ഒഴിവാക്കാനുള്ള നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നവംബർ 26നകം തെളിവുകൾ സഹിതം റിപ്പോർട്ട് സമർപ്പിക്കാനും പൊലീസ് സംഘത്തോട് നിർദേശിച്ചിട്ടുണ്ടെന്ന് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News