'ബിഹാർ വി​ദ്യാഭ്യാസ മന്ത്രിയുടെ നാക്ക് മുറിച്ച് കൊണ്ടുവരുന്നവർക്ക് പത്ത് കോടി'; അയോധ്യയിലെ വിവാദ സന്യാസി

മന്ത്രിക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സന്യാസികൾ ഇനിയും നിശബ്ദരായിരിക്കില്ലെന്നും മഹന്ത് പരമഹംസ് പറഞ്ഞു.

Update: 2023-01-12 10:25 GMT

അയോധ്യ: ഹിന്ദു മത ​ഗ്രന്ഥങ്ങളെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ബിഹാർ മന്ത്രിയുടെ നാവ് മുറിച്ചുകൊണ്ടുവരുന്നവർക്ക് പത്ത് കോടി വാ​ഗ്ദാനം ചെയ്ത് അയോധ്യയിലെ സന്യാസി. ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിന്റെ നാക്ക് മുറിക്കാനാണ് അയോധ്യയിലെ വിവാദ സന്യാസി മഹന്ത് പരമഹംസ് ആചാര്യയുടെ ആഹ്വാനം.

'രാമായണവും മനുസ്മൃതിയും സമൂഹത്തിൽ വിദ്വേഷം പരത്തുന്നു' എന്നായിരുന്നു ബിഹാർ മന്ത്രിയുടെ പരാമർശം. ഇതാണ് വിവാദത്തിന് കാരണമായത്. ചന്ദ്രശേഖറിന്റെ നാവ് കൊണ്ടുവരുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് പറഞ്ഞ വിവാദ സന്യാസി അത്തരത്തിലുള്ള ഒരു മന്ത്രിയെ ഉടൻ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

Advertising
Advertising

മന്ത്രിക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സന്യാസികൾ ഇനിയും നിശബ്ദരായിരിക്കില്ലെന്നും മഹന്ത് പരമഹംസ് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയിൽ രാജ്യം മുഴുവൻ വേദനിച്ചിരിക്കുകയാണെന്നും സന്യാസി അഭിപ്രായപ്പെട്ടു. തന്റെ പരാമർശത്തിന് മന്ത്രി മാപ്പ് പറയണമെന്നും രാമായണം ആളുകളെ ബന്ധിപ്പിക്കുകയും മനുഷ്യത്വം സ്ഥാപിക്കുകയും ചെയ്യുന്ന പുസ്തകമാണെന്നും മഹന്ത് പരമഹംസ് അവകാശപ്പെട്ടു.

നേരത്തെ, പഠാൻ സിനിമയുടെ ​ഗാനം പുറത്തുവന്നതിന് പിന്നാലെ നടൻ ഷാരൂഖ് ഖാനെതിരെ കൊലവിളി പരാമർശവുമായി മഹന്ത് പരമഹംസ് രം​ഗ​ത്തെത്തിയിരുന്നു. ഷാരൂഖിനെ ജീവനോടെ കത്തിക്കും എന്നായിരുന്നു ഇയാളുടെ ഭീഷണി. തുടർന്ന് ഷാരൂഖ് ഖാന് പ്രതീകാത്മക പിണ്ഡം വച്ച് രം​ഗത്തെത്തിയ ഇയാൾ തിയേറ്ററുകൾ കത്തിക്കാനും ആഹ്വാനം ചെയ്തിരുന്നു.

'ബോളിവുഡും ഹോളിവുഡും സനാതന ധർമത്തെ കളിയാക്കാനും ഹിന്ദു ദേവീദേവന്മാരെ അപമാനിക്കാനും നിരന്തരം ശ്രമിക്കുന്നു. 'പഠാൻ' സിനിമയിൽ ദീപിക പദുക്കോൺ ബിക്കിനി ധരിച്ച് സന്യാസിമാരുടെയും രാജ്യത്തെ മുഴുവൻ മതവികാരങ്ങളെയും വ്രണപ്പെടുത്തി. 'സനാതന ധർമത്തെ ഷാരൂഖ് ഖാൻ നിരന്തരം കളിയാക്കാറുണ്ട്'- എന്നും ഇയാൾ പറഞ്ഞിരുന്നു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് പരമംഹസ് ആചാര്യ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. 2021ലായിരുന്നു ഇത്. ആ വർഷം ഒക്‌ടോബർ രണ്ടിനകം കേന്ദ്രസർക്കാർ ഇന്ത്യയെ ഹിന്ദുരാഷ്ട്ര പ്രഖ്യാപിക്കണമെന്ന ആവശ്യം നടപ്പാകാത്ത സാഹചര്യത്തിൽ കുപ്പിയിൽ നിറച്ച സരയൂ നദീജലത്തിൽ മൂക്ക് മുട്ടിച്ച് ജലസമാധി നടത്തുമെന്നായിരുന്നു വിവാദ സന്യാസി പറഞ്ഞത്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന്റെ മുന്നോടിയായി രാജ്യത്തെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്ന് 2021 സെപ്തംബർ 28ന് ആചാര്യ മഹാരാജ് ആവശ്യപ്പെട്ടിരുന്നു. മുമ്പും പരമഹംസ് ആചാര്യ മഹാരാജ് സമാന ഭീഷണി മുഴക്കിയിരുന്നു. ചിതയൊരുക്കിയാണ് ഭീഷണി മുഴക്കിയത്. തുടർന്ന് അയോധ്യ പൊലീസ് സ്ഥലത്തെത്തി ഇയാളെ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News